കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം: മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിന് മുൻകൂർ ജാമ്യമില്ല

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിന് മുൻകൂർ ജാമ്യമില്ല. ജി.ജെ. ഷൈജുവിൻ്റെ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി തള്ളി. പ്രതി ചെയ്ത കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന പ്രൊസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്റെതാണ് ഇടക്കാല ഉത്തരവ്. No Anticipatory Bail to G. J. Shaiju in SFI Impersonation Case
കോളേജ് പ്രിൻസിപ്പൽ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്. വ്യാജ രേഖ എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ് എന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. എന്നാൽ പ്രതി നടത്തിയത് ഗുരുതര കുറ്റമാണെന്നും ഇത് പൊലീസ് അന്വേഷണത്തിൽ ബോധ്യമായതാണ് എന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
ആൾമാറാട്ട കേസിൽ ജി.ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്ഐ നേതാവ് എ. വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന, ആൾമാറാട്ടം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എ. വിശാഖിനെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
Read Also: തെരഞ്ഞെടുപ്പ് ആൾമാറാട്ടം; കാട്ടാക്കട ക്രിസ്ത്യൻ കോളജിന് 1,55,938 രൂപ പിഴ
ഇതിനിടെ, കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നിന്ന് പിഴ ഈടാക്കാൻ സർവകലാശാല തീരുമാനം. 1,55,938 രൂപ പിഴയായി ഈടാക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. 39 യൂണിയൻ കൗൺസിലർമാർ അയോഗ്യരെന്നും സർവകലാശാല സിൻഡിക്കേറ്റ് കണ്ടെത്തി. ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യും.
Story Highlights: No Anticipatory Bail to G. J. Shaiju in SFI Impersonation Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here