Advertisement

മലയാളിയെ കൊല്ലുന്ന മലയാളി; വിദേശത്ത് ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

June 20, 2023
2 minutes Read
Second incident in a month malayali killed by malayali in abroad

കഴിഞ്ഞ ദിവസമാണ് അര്‍മേനിയയില്‍ വിസാ നടപടിയെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മലയാളി യുവാവ് കുത്തേറ്റ് മരിച്ച വാര്‍ത്ത പുറത്തുവന്നത്. നാല് മാസം മുന്‍പ് ഡ്രൈവിങ് ജോലിക്കായി അര്‍മേനിയയില്‍ എത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി സൂരജ് എന്ന യുവാവാണ് മലയാളിയുടെ തന്നെ കൊലക്കത്തിക്ക് ഇരയായത്‌. മലയാളികൾ വിദേശരാജ്യങ്ങളിൽ വച്ച് കൊല്ലപ്പെടുന്നത് ഈ മാസം തന്നെ ഇത് രണ്ടാമത്തെ സംഭവമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ലണ്ടനിലും മലയാളി യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. രണ്ട് സംഭവങ്ങളിലും കൊലയ്ക്ക് പിന്നിൽ മലയാളികള്‍ തന്നെ

ഈ മാസം 16നാണ് എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (36) ലണ്ടനില്‍ വച്ച് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതാകട്ടെ, അരവിന്ദിന് ഒപ്പം താമസിച്ചിരുന്ന 20 കാരനായ മലയാളിയും. മാധ്യമപ്രവര്‍ത്തകയായ നവോമി കാന്റോണ്‍ അരവിന്ദ് ശശികുമാറിന്റെ ചിത്രമടക്കം ഉള്‍പ്പെടുത്തി വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തു.

സ്റ്റുഡന്റ് വീസയില്‍ യു.കെയിലെത്തിയ അരവിന്ദ് കഴിഞ്ഞ പത്ത് വര്‍ഷമായി സൗത്ത്ഹാംപ്ടണ്‍ വേയിലായിരുന്നു താമസം. പ്രതി സലിമിനെ ക്രോയ്ഡന്‍ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്ന് വ്യക്തമാകുന്നു.

വിസയെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അര്‍മേനിയയില്‍ തൃശ്ശൂര്‍ സ്വദേശി സൂരജ് (27) കുത്തേറ്റുമരിച്ചത്. മലയാളികള്‍ തമ്മിലുള്ള തര്‍ക്കത്തിന് ഇടയായിരുന്നു കുത്തേറ്റത്. സൂരജ് 4 മാസം മുന്‍പാണ് ഡ്രൈവിങ്ങ് ജോലിക്കായി അര്‍മേനിയയിലേക്ക് പോയത്. സൂരജിന്റെ അര്‍മേനിയയിലെ സുഹൃത്തുകള്‍ ഫോണ്‍ വഴിയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. അര്‍മേനിയയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കുന്നതിനുള്ള വിസക്കായി തിരുവനന്തപുരം സ്വദേശിയായ വിസ ഏജന്റിനെ സൂരജും, സുഹൃത്തായ ചാലക്കുടി തുരുത്തി പറമ്പ് സ്വദേശി ലിജോ പോളും സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് തിരുവനന്തപുരം സ്വദേശിയുമായി തര്‍ക്കം ഉണ്ടായി.ഇതോടെ ഇയാളും സഹായികളും ചേര്‍ന്ന് സൂരജിനേയും ലിജോയേയും മര്‍ദ്ദിക്കുകയുമായിരുന്നു.

Read Also: വിസയെച്ചൊല്ലി വാക്കുതർക്കം; അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

ആക്രമണത്തില്‍ കുത്തേറ്റ സൂരജ് മരണപെടുകയും, ഒപ്പമുണ്ടായിരുന്ന ലിജോയെ ഗുരുതരമായി പരുക്കേറ്റ് അര്‍മേനിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ലിജോ ചികിത്സയിയില്‍ തുടരുകയാണ്. സുഹൃത്തുക്കളാണ് ഈ വിവരം കുടുംബത്തെ ധരിപ്പിച്ചതെന്ന് സൂരജിന്റെ ബന്ധു എന്‍.എ രാമകൃഷ്ണന്‍ അറിയിച്ചു. സൂരജിന്റെ മരണത്തില്‍ ദൂരുഹതയുണ്ടെന്നാരോപിച്ച് പിതാവും റിട്ടയേര്‍ഡ് സൈനീകനും കൂടിയായ ആര്‍. അയ്യപ്പന്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.

Story Highlights: Second incident in a month malayali killed by malayali in abroad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top