Advertisement

പുടിന്‍ കെട്ടിയ വേലി തന്നെ വിളവ് തിന്നാന്‍ ഇറങ്ങിയപ്പോള്‍; അയ്യപ്പനും കോശിയും-റഷ്യ മോഡ്

June 25, 2023
2 minutes Read
Yevgeny Prigozhin; Biggest Threat To Vladimir Putin's Authority

യുദ്ധം യുക്രൈനെ മാത്രമല്ല സ്വന്തം രാജ്യത്തെയും തര്‍ത്തപ്പോഴും, സാമ്പത്തിക ഉപരോധങ്ങളും ലോകരാജ്യങ്ങളുടെ കടുത്ത വിമര്‍ശനങ്ങളും വരിഞ്ഞ് മുറുക്കിയപ്പോഴും ഇളകാതെ നിന്ന വഌദിമിര്‍ പുടിന് പൊടുന്നനെ ഒരു അടി കിട്ടുന്നത് തന്റെ കൂട്ടാളിയായി ലോകമറിഞ്ഞ ഒരുവനില്‍ നിന്നാണ്. യുക്രൈനുമായുള്ള യുദ്ധക്കളത്തില്‍ കണ്ണില്‍ച്ചോരയില്ലാത്ത മാര്‍ഗങ്ങള്‍ വരെ ഉപയോഗിച്ച് റഷ്യയോടും പുടിനോടുമുള്ള കൂറ് തെളിയിച്ച് അധിനിവേശത്തില്‍ നിര്‍ണായക ശക്തിയായി മാറിയ വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളവും അതിന്റെ തലവന്‍ യെവ്‌ഗെനി പ്രിഗോസിനും റഷ്യയെ ദിവസങ്ങളോളം തള്ളിയിട്ടത് ആഭ്യന്തര കലാപത്തിന്റേയും വിമത നീക്കങ്ങളുടേയും ഭരണകൂടം അട്ടിമറിക്കപ്പെടുന്നതിന്റേയും ഒക്കെ കടുത്ത ഭീഷണിയിലേക്കാണ്. ( Yevgeny Prigozhin; Biggest Threat To Vladimir Putin’s Authority ).

റഷ്യന്‍ സേനയെ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ഭീഷണി മുഴക്കിയിരുന്ന പ്രിഗോഷിന്‍ റഷ്യയിലെ മൂന്ന് നഗരങ്ങള്‍ ഉള്‍പ്പെടെ ഇന്നലെ പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ടായി. അട്ടിമറി നീക്കം ഭയന്നതോടെ വഌദിമിര്‍ പുടിന് ബലാറസ്, കസാഖിസ്ഥാന്‍, ഉസ്ബക്കിതാന്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്ര നേതാക്കളുമായി അടിയന്തിര ചര്‍ച്ചകളു നടത്തേണ്ടിവന്നു. എന്നാല്‍ പുടിന്‍ ഭയന്നതുപോലെയൊന്നും സംഭവിച്ചില്ല. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. വിമത നീക്കത്തില്‍ നിന്ന് വാഗ്‌നര്‍ സംഘം പിന്മാറി. തന്റെ സൈന്യം ക്യാമ്പിലേക്ക് മടങ്ങി പോകുന്നുവെന്ന് പ്രിഗോഷിന്‍ അറിയിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് പ്രിഗോഷിന്‍ പറഞ്ഞു. ബലാറസ് പ്രസിഡന്റ് ലുക്കാഷെങ്കോയാണ് വാഗ്‌നര്‍ തലവനുമായി സംസാരിച്ചത്. വിമത നീക്കം അവസാനിപ്പിക്കാമെന്ന് പ്രിഗോഷിന്‍ ഉറപ്പ് നല്‍കിയതായി ബലാറസ് പ്രസിഡന്റ് അറിയിച്ചു. എന്നിരിക്കിലും പ്രിഗോഷിനെന്ന വമ്പന്റെ രംഗപ്രവേശം പുടിന് ഇപ്പോഴും ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇതോടൊപ്പം പുടിനെ നേര്‍ക്കുനേരെ നിന്നെതിര്‍ക്കാനാകുന്നത്രയും പ്രിഗോസിന്‍ വളര്‍ന്ന സാഹചര്യവും ഇരുവരും ഇടയാന്‍ ഉണ്ടായ കാരണങ്ങളും ചര്‍ച്ചയാക്കപ്പെടുന്നുമുണ്ട്.

യുക്രൈനെ തകര്‍ക്കാന്‍ റഷ്യ നിയോഗിച്ച കൂലിപ്പടയായിരുന്നു വാഗ്‌നര്‍ സംഘം. യുക്രൈന്‍ യുദ്ധമാരംഭിച്ചത് മുതല്‍ പുടിനില്‍ നിന്ന് റഷ്യന്‍ സൈന്യത്തിന് ലഭിച്ച അതേ പ്രാധാന്യത്തോടെ തന്നെ പൊരുതി നിന്ന വാഗ്‌നര്‍ സംഘവും തലവന്‍ പ്രിഗോഷിനും റഷ്യന്‍ സൈന്യത്തെ പരസ്യമായി വിമര്‍ശിക്കുകയും ഇത് ഇരു സേനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഇടവയ്ക്കുകയും ചെയ്തതോടെയാണ് പുടിനെ എതിര്‍ത്ത് ശക്തമായ ഭീഷണികളുമായി പ്രിഗോഷിന്‍ രംഗത്തെത്തിയത്.

പുടിന്റെ ഉരുക്കുമുഷ്ടിയ്ക്ക് മേല്‍ പ്രിഗോസിന്‍ ഒരു വലിയ ഭീഷണിയാകാന്‍ സാധ്യതയുണ്ടോ?

ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാളായി അറിയപ്പെടുന്ന പുടിനുമേല്‍ ഒരു വാള്‍ പോലെ ഇന്ന് തൂങ്ങിക്കിടക്കുന്നത് പുടിന്‍ തന്നെ വെള്ളവും വളവുമൊഴിച്ച് വളര്‍ത്തിയ കൂലിപ്പട്ടാളമാണ്. 2014ല്‍ റഷ്യയുടെ ക്രൈമിയ അധിനിവേശത്തിന്റെ സമയത്താണ് വാഗ്‌നര്‍ ഗ്രൂപ്പ് പിറക്കുന്നത്. പ്രിഗോഷിന്‍ തന്നെയായിരുന്നു ഗ്രൂപ്പിന്റെ സ്ഥാപകന്‍. ലുഹാന്‍സ്‌കിയയിലേയും ഡോനെറ്റ്‌സ്‌കിലേയും റഷ്യന്‍ വിമതരും ഗ്രൂപ്പില്‍ ചേര്‍ന്നു. 250 പേരുമായി തുടങ്ങിയ സംഘത്തിലേക്ക് എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തിലേറെ പേര്‍ ചേര്‍ന്നു. സ്വകാര്യ ക്വട്ടേഷനുകള്‍ക്ക് വരെ ഉപയോഗിച്ചിരുന്ന സംഘം പിന്നീട് യുദ്ധമുഖങ്ങള്‍ വരെയെത്തി.

വാഗ്‌നറിന്റെ വഴികള്‍ അതിക്രൂരവും രഹസ്യവുമായിരുന്നു. റഷ്യന്‍ ഭരണകൂടത്തിന് അവര്‍ വലിയ മുതല്‍ക്കൂട്ടായിരുന്നെങ്കിലും വാഗ്‌നര്‍ പട്ടാളം ചെയ്യുന്ന യുദ്ധക്കുറ്റങ്ങളില്‍ നിന്ന് എളുപ്പത്തില്‍ ഭരണകൂടത്തിന് ഒഴിയാനും സാധിക്കുമായിരുന്നു. 2014ല്‍ വിഘടനവാദി ഗ്രൂപ്പുകളെ ക്രിമിയന്‍ പെനിന്‍സുലയില്‍ നിയമവിരുദ്ധമായി ചേര്‍ക്കാന്‍ യുക്രൈന്‍ പിന്തുണച്ചപ്പോള്‍ അതില്‍ ഇടപെടല്‍ നടത്തിയാണ് വാഗ്‌നര്‍ ഗ്രൂപ്പ് ശ്രദ്ധ നേടുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ഫെബ്രുവരിയില്‍ പൂര്‍ണതോതില്‍ റഷ്യ-യുക്രൈന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ ക്രെംലിന്റെ പ്രധാന സൈനിക സ്വത്തായി വാഗ്‌നര്‍ ഗ്രൂപ്പ് മാറി. റഷ്യയുടെ പ്രധാന യുദ്ധവിജയങ്ങളിലൊന്നായ യുക്രൈന്‍ നഗരം സോളേഡാറിന്റെ നിയന്ത്രണം ഏറ്റെടുക്കല്‍ സാധ്യമായത് ഉള്‍പ്പെടെ പ്രിഗോഷിന്റെ വാഗ്‌നറിലൂടെയാണ്.

അന്‍പതിനായിരത്തിലധികം വാഗ്‌നര്‍ പോരാളികളാണ് യുക്രൈനെതിരെ പോരാടാന്‍ യുദ്ധമുഖത്തുണ്ടായിരുന്നത്. ഇതില്‍ പതിനായിരത്തോളം പേര്‍ കോണ്‍ട്രാക്ടറുമാരും നാല്‍പതിനായിരത്തോളം പേര്‍ കുറ്റവാളികളുമാണ്. ഇവരെ ജയിലുകളില്‍ നിന്നാണ് റിക്രൂട്ട് ചെയ്യുന്നത്. ജയില്‍ ശിക്ഷ ഇളവ് ചെയ്തുതരാം എന്ന വാഗ്ദാനത്തില്‍ വീണുപോയവര്‍ ഉള്‍പ്പെടെ യുദ്ധമുഖത്തെത്തി. വലിയ ശമ്പളവും ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു.

ഉള്‍നാടന്‍ റഷ്യന്‍ ഗ്രാമമായ മോള്‍ക്കിനിയില്‍ വച്ചാണ് വാഗ്‌നര്‍ പടയ്ക്കുള്ള പരിശീലനം നടക്കുക. പരിശീലനത്തെക്കുറിച്ച് ഒരു ഈച്ച പോലും അറിയാതിരിക്കാനുള്ള സകല തയാറെടുപ്പുകളും നടത്തിയിട്ടുണ്ടാകും. ഫോട്ടോ എടുക്കുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമെല്ലാം ഇവര്‍ക്ക് കര്‍ശന വിലക്കുണ്ട്.

ഈ വിധത്തില്‍ പരിശീലനം കഴിഞ്ഞാണ് വാഗ്‌നര്‍ പട റഷ്യ-യുക്രൈന്‍ യുദ്ധക്കളത്തിലെത്തിയത്. യുദ്ധക്കളത്തിലെ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരതകളിലൂടെയും തീവ്രതയേറിയ യുദ്ധതന്ത്രങ്ങളിലൂടെയും റഷ്യയില്‍ വാഗ്‌നര്‍ ഗ്രൂപ്പിന്റെ പ്രാധാന്യം അടിക്കടി വര്‍ധിക്കാന്‍ തുടങ്ങി. വാഗ്‌നര്‍ ഗ്രൂപ്പാണ് കൂടുതല്‍ കാര്യക്ഷമമെന്ന് പേരുകേട്ടതോടെ പുടിന്റെ ഈ കൂലിപ്പട്ടാളം റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിയാന്‍ തുടങ്ങി.

റഷ്യന്‍ സേനയുടെ നേതൃസ്ഥാനം തകര്‍ക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിജ്ഞയെടുക്കുന്ന പ്രിഗോസിന്റെ വിഡിയോയാണ് ഉരുക്കുമുഷ്ടിയില്‍ പുടിന്‍ ഒതുക്കിയ സിംഹാസനത്തെ വിറപ്പിക്കുന്നത്. തങ്ങള്‍ മുന്നോട്ടുപോകുമെന്നും തങ്ങളുടെ വഴിയില്‍ വരുന്നതിനെയെല്ലാം തകര്‍ക്കുമെന്നും പ്രിഗോസിന്‍ ടെലിഗ്രാം ചാനലില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. തങ്ങളുടെ സായുധ സംഘത്തിനെതിരെ റഷ്യന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയെന്നും അതിന് തിരിച്ചടിക്കുമെന്നുമാണ് ഭീഷണി.

തടവുപുള്ളിയും കുറച്ച് ഹോട്ട്‌ഡോഗും പുടിന്റെ ഷെഫും…; ആരാണ് പ്രിഗോഷിന്‍?

ഇന്ന് ലെനിന്‍ഗ്രാഡും ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗുമായി അറിയപ്പെടുന്ന പ്രദേശത്ത് 1961ലാണ് പുടിന്റെ പുതിയ എതിരാളിയായ പ്രിഗോഷിന്‍ ജനിക്കുന്നത്. തന്റെ കൗമാര, യൗവന കാലഘട്ടം അദ്ദേഹം ഒരു സോവിയേറ്റ് തടവറയിലാണ് കഴിച്ചുകൂട്ടിയത്. കവര്‍ച്ചയും വഞ്ചനയും ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഒമ്പത് വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചു. സോവിയേറ്റ് യൂണിയന്റെ പതനത്തിന് ശേഷമാണ് പ്രിഗോഷിന്‍ ഒരു സംരംഭകന്റെ പാതയിലേക്ക് നീങ്ങുന്നത്. സ്വന്തം നാട്ടില്‍ ഹോട്ട്‌ഡോഗ് കച്ചവടത്തില്‍ നിന്ന് ആരംഭിച്ച അദ്ദേഹം പിന്നീട് ആഡംബര ഹോട്ടലുകള്‍ വരെ നേടി. അന്ന് ഡെപ്യൂട്ടി മേയറായിരുന്ന വ്‌ളാദിമിര്‍ പുടിനുമായി അദ്ദേഹം ആ ഹോട്ടലില്‍ വച്ചാണ് സൗഹൃദത്തിലാകുന്നത്.

പുടിന്‍ റഷ്യയുടെ പ്രസിഡന്റ് ആയതിനൊപ്പം പ്രിഗോസിന്റെ ഹോട്ടല്‍ വ്യവസായയും വളര്‍ന്നു. അദ്ദേഹത്തിന്റെ കാറ്ററിംഗ് കമ്പനിയായ കോണ്‍കോര്‍ട് റഷ്യന്‍ ഭരണകൂടത്തിന്റെ അത്താഴവിരുന്നുകളില്‍ സ്ഥിരം സാന്നിധ്യമായി. ഇത്തരം വിരുന്നുകളുടെ കരാറാണ് പ്രിഗോസിന് പുടിന്റെ ഷെഫ് എന്ന വിളിപ്പേര് നേടിക്കൊടുത്തത്. പക്ഷേ പ്രിഗോസിന്റെ സ്വപ്‌നങ്ങള്‍ സര്‍ക്കാരിന്റെ ആഡംബര തീന്‍മേശകളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.

ഓണ്‍ലൈന്‍ പ്രൊപ്പഗാന്‍ഡ ഉപകരണമായ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് താനാണെന്ന് 2023ല്‍ പ്രിഗോഷിന്‍ പരസ്യമാക്കിയതോടെയാണ് അദ്ദേഹത്തിന്റെ മറ്റൊരു മുഖം വെളിപ്പെട്ടത്. 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇവര്‍ നിര്‍ണായക സ്വാധാനം ചെലുത്തിയിരുന്നു. ഇതിനിടെ തന്നെയാണ് 2014ല്‍ പ്രിഗോസിന്‍ പ്രൈവറ്റ് മിലിറ്ററി കമ്പനിയായി വാഗ്‌നര്‍ ഗ്രൂപ്പിന് തുടക്കമിടുന്നതും.

റഷ്യന്‍ പട്ടാളം വേഴ്‌സസ് വാഗ്‌നര്‍ പട്ടാളം

പ്രധാന യുക്രൈന്‍ നഗരമായ ബക്മൂതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ റഷ്യന്‍ പട്ടാളവും വാഗ്‌നര്‍ പട്ടാളവും തമ്മിലുള്ള ബന്ധം വളരെ ആരോഗ്യകരമായിരുന്നു. തങ്ങള്‍ക്ക് ആയുധങ്ങള്‍ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നൊക്കെയുള്ള കൊച്ചുകൊച്ചു പരാതികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ബക്മൂത്ത് കൈപ്പിടിയില്‍ ആയതോടെ തങ്ങളെ റഷ്യന്‍ പട്ടാളം പരിഗണിക്കാതെയായെന്ന മുറുമുറുപ്പ് പിന്നീട് അതിശക്തമായ ആരോപണമായി ഉയര്‍ന്നുവന്നു. ആയിരത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത് റഷ്യന്‍ സൈന്യത്തിന്റെ ആസൂത്രണമില്ലായ്മയാണെന്ന് പ്രിഗോഷിന്‍ കുറ്റപ്പെടുത്തി. തടവുപുള്ളികളെ ജയിലില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് തങ്ങളെ തടഞ്ഞത് പ്രിഗോസിനെ വല്ലാതെ ചൊടിപ്പിച്ചു.

ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ചയോടെ ഇരുവിഭാഗവും തമ്മിലുള്ള അതൃപ്തി തുറന്ന പോരിലേക്കെത്തി. തന്റെ പടയാളികളുടെ സൈനികതാവളം റഷ്യന്‍ സേന ആക്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി വാഗ്‌നര്‍ തലവന്‍ പ്രിഗോഷിന്‍ രംഗത്ത് വന്നു. തന്റെ 25,000 ത്തോളം വരുന്ന കരുത്തരായ സേനാംഗങ്ങളെയും കൊണ്ട് റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിനെതിരെ തിരിയുമെന്നും അതൊരിക്കലും സൈനിക അട്ടിമറിയാകില്ലെന്നും പറഞ്ഞ് പൊടുന്നനെ ഒരു ഒരു കൊടുങ്കാറ്റായാണ് പ്രിഗോഷിന്‍ രംഗത്തെത്തിയത്.

പ്രിഗോഷിന്‍: പുടിന്റെ തന്നെ പരിഷ്‌കരിച്ച ഒരു പതിപ്പോ? എതിരാളിയോ?

പുടിന്‍ റഷ്യയില്‍ പ്രോത്സാഹിപ്പിച്ച ക്രൂരമായ യുദ്ധസംസ്‌കാരത്തെ കൃത്യമായി മനസിലാക്കി, മനസാവരിച്ച് അക്രമത്തെ നന്നായി മഹത്വവത്ക്കരിച്ച ഒരാളാണ് പ്രിഗോഷിന്‍. പുടിന്റെ മനസിലുള്ള യുദ്ധസംസ്‌കാരത്തെ കുറച്ചുകൂടി ക്രൂരമായതും കണ്ണില്‍ച്ചോരയില്ലാത്തതുമായ പാതയിലേക്ക് നയിച്ച് പ്രിഗോഷിന്‍ യുക്രൈന്‍ യുദ്ധക്കളത്തില്‍ നടമാടി. കൂറില്ലാത്തവരെന്ന് കണ്ടവരെയെല്ലാം മുഖംനോക്കാതെ കൊന്നുതള്ളിയതിന് പല അന്താരാഷ്ട്ര മാധ്യമങ്ങളും തെളിവും നിരത്തുന്നു.

ഇപ്പോള്‍ പുടിന് മുന്നില്‍ നിന്നും പ്രിഗോഷിന്റെ വലിയ ഭീഷണി താത്ക്കാലികമായി ഒഴിഞ്ഞുപോയെങ്കിലും അത് ക്രെംലിന്റെ ചില ബലഹീനതകള്‍ തുറന്നുകാട്ടി എന്നതാണ് ഏറ്റവും പ്രധാനം. പ്രിഗോഷിന്റെ നേതൃത്വത്തില്‍ വാഗ്‌നര്‍ ഗ്രൂപ്പ് സൈനികര്‍ക്ക് റഷ്യന്‍ നഗരമായ റോസ്‌തോവ് ഓണ്‍ഡോണിലേക്ക് തടസ്സമില്ലാതെ നീങ്ങാനും മോസ്‌കോയിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ മുന്നേറാനും കഴിഞ്ഞു എന്നത് പുടിന് മേല്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം ചെറുതല്ല.

യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യ എല്ലാവരും പറയുന്നത് പോലെ വളരെയോറെ മുന്നേറുകയല്ലെന്ന് പ്രിഗോഷിന്‍ തിരുത്തിയിരുന്നു. റഷ്യന്‍ സൈന്യം യുദ്ധം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് പ്രിഗോഷിന്‍ പുടിന്റെ ജനറലുകളെ കുറ്റപ്പെടുത്തിയപ്പോഴും പുടിന് പ്രിഗോഷിനെ എതിര്‍ക്കാന്‍ സാധിച്ചിരുന്നില്ല എന്നതും ഓര്‍മിക്കേണ്ടതാണ്. യുക്രൈന്‍ അധിനിവേശം വേണോ എന്നതിനെ സംബന്ധിച്ചല്ല പകരം ഇങ്ങനെ യുദ്ധം ചെയ്താല്‍ മതിയോ എന്ന് ചോദിച്ചാണ് പ്രിഗോഷിന്‍ ഇടയുന്നതും പുടിന് തന്നെ വെല്ലുവിളിയാകുന്നതും. ഇത് ലോകത്തിന്റെ സമാധാനത്തിനാകെ ഭീഷണിയുയര്‍ത്തുന്ന സാഹചര്യവുമാണ്.

നമ്മുടെ രാജ്യത്തെ പിന്നില്‍ നിന്ന് കുത്തുന്നതാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ നീക്കമെന്നും കലാപ സാഹചര്യം സൃഷ്ടിച്ച എല്ലാവര്‍ക്കും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു ഇന്നലെ പുടിന്റെ പ്രതികരണം. താന്‍ പുടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരാളല്ലെന്ന് പ്രിഗോഷിന്‍ തന്നെ ഈ ദിവസങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. റഷ്യയുടെ ഈ ആഭ്യന്തരപ്രശ്‌നങ്ങള്‍ യുക്രൈന് ആശ്വാസമാകുന്നുണ്ട്. അതേസമയം പ്രിഗോഷിന്‍ വിഷയങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടാതിരിക്കാന്‍ റഷ്യയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണമുള്‍പ്പെടെയുണ്ടെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ ശക്തി ചോരുന്നത് ഒരു നല്ല വാര്‍ത്തയായി ലോകരാജ്യങ്ങള്‍ കാണുമെങ്കിലും മനുഷ്യരുടെ തലച്ചോറുകള്‍ കൂടം കൊണ്ടട് തകര്‍ക്കുന്നതിനെ മഹത്വവത്ക്കരിക്കുന്ന ഒരു മാഫിയ സംഘത്തലവന്‍ റഷ്യയുടെ പുടിനെ പോലും വിറപ്പിക്കുന്നത് ലോകരാജ്യങ്ങള്‍ക്ക് ചെറുതല്ലാത്ത ആശങ്കയും സമ്മാനിക്കുന്നുണ്ട്.

Story Highlights: Yevgeny Prigozhin; Biggest Threat To Vladimir Putin’s Authority

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top