പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ ക്രമക്കേടിൽ മുഖ്യസൂത്രധാരൻ പിടിയിൽ. കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്ന സജീവൻ കൊല്ലപ്പിള്ളിയാണ് അറസ്റ്റിലായത്. സേവാദൾ ജില്ലാ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമാണ് സജീവൻ. പൊലീസും വിജിലൻസും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ സജീവൻ പുൽപ്പള്ളി പൊലീസ് മുമ്പാകെ കീഴടങ്ങാൻ എത്തുന്നതിനിടെയാണ് അറസ്റ്റിലായത്. ബത്തേരിയിൽ നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ കുറിപ്പിൽ ഒന്നാം പേരുകാരൻ ഇയാളാണ്. ( Pulpally service cooperative bank fraud arrested )
കഴിഞ്ഞ മാസം 29 നാണ് രാജേന്ദ്രൻ നായർ ജീവനൊടുക്കിയത്. ഈ മാസം 9നാണ് രാജേന്ദ്രന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഡയറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളെക്കുറിച്ച് കുറിപ്പിൽ പരാമർശമുണ്ട്. ബാങ്കിൽനിന്ന് ലോണെടുത്തത് 70,000 രൂപ മാത്രമാണ്. തന്നെ ഇവർ ചതിച്ചതാണെന്നും കുറിപ്പിൽ പരാമർശമുണ്ട്.
സജീവൻ കൊല്ലപ്പള്ളി, കെ കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത 38 പേർ തട്ടിപ്പിനിരയായി എന്നാണ് നിഗമനം. കെകെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡണ്ട് ആയിരിക്കെയാണ് ബാങ്കിൽ ക്രമക്കേട് നടന്നത്. എട്ടു കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കെ കെ എബ്രഹാം നിലവിൽ റിമാൻഡിലാണ്. കേസിനെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം എബ്രഹാം രാജിവച്ചിരുന്നു.
Story Highlights: Pulpally service cooperative bank fraud arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here