‘യുപിയില്‍ ജംഗിള്‍ രാജ്, ക്രമസമാധാന നില ആകെ തകര്‍ന്നു’; ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് അഖിലേഷ് യാദവ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ചന്ദ്രശേഖര്‍ ആസാദിന് നേരെ നടന്ന വധശ്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു. യുപിയില്‍ ഇപ്പോള്‍ നടക്കുന്നത് ജംഗിള്‍ രാജാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പോലും രക്ഷയില്ല. അപ്പോള്‍ ബിജെപി ഭരണത്തിന് കീഴില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അഖിലേഷ് യാദവ് ചോദിച്ചു. (Chandrashekhar Azad Attack: Akhilesh Yadav’s reaction)
ബിജെപി ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന അക്രമങ്ങള്‍ പരിധികള്‍ ലംഘിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ സിംഗ് യാദവും കുറ്റപ്പെടുത്തി. ഏറ്റവുമൊടുവില്‍ ചന്ദ്രശേഖര്‍ ആസാദിന് നേരെ നടന്ന വധശ്രമം സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം ആകെ തകര്‍ന്നെന്ന് ചൂണ്ടിക്കാണിക്കുന്നുവെന്നും ഇനിയെങ്കിലും സര്‍ക്കാര്‍ ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സഹരന്‍പൂര്‍ എസ്എസ്പി അറിയിച്ചു. ആസാദ് സഞ്ചരിച്ച കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഹരിയാന നമ്പര്‍ പ്ലേറ്റിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ചന്ദ്രശേഖര്‍ ആസാദിനെ ചികിത്സയ്ക്കായി സിഎച്ച്‌സിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ വച്ചാണ് സംഭവം നടന്നത്. കാറിന്റെ മുന്‍വശത്തെ ഡോറിലും അദ്ദേഹത്തിന്റെ സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറിയ പാടുകളുണ്ട്. ആസാദ് വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. ഒരു പൊതുപരിപാടിയ്ക്ക് പോകുന്നതിനിടെയായിരുന്നു ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്.
Story Highlights: Chandrashekhar Azad Attack: Akhilesh Yadav’s Reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here