Advertisement

പൊലീസ് ആകാശത്തേക്ക് വെടിവച്ചു; പിന്നോട്ടില്ലെന്ന് രാഹുല്‍, ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക്

June 29, 2023
1 minute Read

കലാപം തുടരുന്ന മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. ആകാശത്തേക്ക് വെടിവച്ച പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക് ഹെലികോപ്റ്ററില്‍ പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

റോഡ് മാര്‍ഗം ചുരാചന്ദ്പൂരിലേക്ക് പോകാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാല്‍ സുരക്ഷാ കാരണം ചുണ്ടിക്കാട്ടി മണിപ്പൂര്‍ പൊലീസ് വാഹനവ്യൂഹം തടഞ്ഞതിന് പിന്നാലെയാണ് ഹെലികോപ്റ്ററില്‍ പോകാന്‍ തീരുമാനിച്ചത്.

രാഹുലിനെ പൊലീസ് തടഞ്ഞ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെ വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തി. മുഖ്യമന്ത്രി ഇടപെട്ടാണ് രാഹുലിനെ തടഞ്ഞത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെ വിഷ്ണുപൂരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണു രാഹുലിന്റെ വാഹന വ്യൂഹം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും പൊലീസ് രാഹുലിനോട് പറഞ്ഞു.

ഇന്ന് രാവിലെയും ഇന്നലെയുമായി ഹില്‍ ഏരിയയില്‍ തുടര്‍ച്ചയായി വെടിവയ്പുകള്‍ നടന്നിരുന്നു. ജനങ്ങള്‍ ആയുധങ്ങളുമായി കാത്തിരിക്കുകയാണ്. മുന്നോട്ടുപോയാല്‍ വലിയ അപകടം ഉണ്ടാകും. സുരക്ഷ മുന്‍ നിര്‍ത്തിയാണ് വാഹനങ്ങള്‍ തടഞ്ഞതെന്നും വിഷ്ണുപൂര്‍ എസ്പി രാഹുലിനെ അറിയിച്ചു. രണ്ട് മണിക്കുര്‍ നേരം കാറിലിരുന്ന രാഹുല്‍ പിന്നീട് ഇംഫാലിലേക്ക് മടങ്ങി.

ഇന്ന് മണിപ്പുരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ, കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ട്. മെയ്തെയ് അഭയാര്‍ഥി ക്യാംപുകളും രാഹുല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മെയ്തെയ് നേതാക്കളുമായി ചര്‍ച്ച നടത്തും.

Story Highlights: Rahul Gandhi takes chopper to reach Churachandpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top