മണിപ്പൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി; ബിരേന്‍ സിങിന്റെ രാജിക്കത്ത് കീറിയെറിഞ്ഞ് ജനക്കൂട്ടം

കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. ദുരിതാശ്വാസ ക്യാമ്പുകളിലെ പോരായ്മകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ മരുന്നിനും ഭക്ഷണത്തിനും ക്ഷാമമാണെന്നും മണിപ്പൂരില്‍ സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി പറഞ്ഞു.(Rahul Gandhi calls for peace in Manipur)
‘സമാധാനമാണ് മുന്നോട്ടുള്ള വഴി. എല്ലാവരും ഇപ്പോള്‍ സമാധാനത്തെക്കുറിച്ചാണ് സംസാരിക്കേണ്ടത്. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ എനിക്ക് കഴിയുന്ന വിധത്തില്‍ ഞാന്‍ സഹായിക്കും. മണിപ്പൂരിലെ ജനങ്ങളുടെ വേദനയില്‍ ഞാനും പങ്കുചേരുന്നു. ഇതൊരു ഭീകരമായ ദുരന്തമാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇത് അങ്ങേയറ്റം സങ്കടകരവും വേദനാജനകവുമാണ്’. രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജി വയ്ക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജിയെച്ചൊല്ലി ഇംഫാലില്‍ നാടകീയ രംഗങ്ങള്‍ തുടരുകയാണ്. രാജിക്കത്ത് നല്‍കാന്‍ രാജ്ഭവനിലേക്ക് പുറപ്പെട്ട ബിരേന്‍ സിങിന്റെ വാഹനവ്യൂഹം ആയിരക്കണക്കിന് അനുയായികള്‍ തടഞ്ഞു. ജനങ്ങള്‍ കീറിയെറിഞ്ഞ രാജിക്കത്തിന്റെ ചിത്രവും ഇതിനോടകം പുറത്തുവന്നു. രാജിവക്കില്ലെന്നും പിരിഞ്ഞുപോകുമെന്നും ജനക്കൂട്ടത്തോട് ബീരേന്‍ സിങ് ആവശ്യപ്പെട്ടു.
മൊയ്‌റാങില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി കലാപബാധിത മേഖലകളിലെത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ കണ്ടത്. വ്യാഴാഴ്ച സംസ്ഥാനത്തെത്തിയ രാഹുല്‍, ചുരാചന്ദ്പൂരിലെ ക്യാമ്പിലുമെത്തിയിരുന്നു. യാത്ര തടഞ്ഞതിനെ തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് രാഹുല്‍ യാത്ര തുടര്‍ന്നത്. തലസ്ഥാനമായ ഇംഫാലില്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights: Rahul Gandhi calls for peace in Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here