മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

മദ്യനയ അഴിമതിക്കേസിൽ ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് വീണ്ടും തിരിച്ചടി. സിബിഐക്ക് പിന്നാലെ ഇഡി കേസിലും സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. നിലവിൽ ജാമ്യത്തിന് അർഹതയില്ലെന്ന് ഹർജിയിൽ വിധി പറയവെ ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ പറഞ്ഞു.
മനീഷ് സിസോദിയ വളരെ സ്വാധീനമുള്ള വ്യക്തിയാണ്. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ അന്വേഷണത്തെ സ്വാധീനിക്കമെന്നും ചൂണ്ടിക്കാട്ടിയാണ് സിസോദിയയുടെ ജാമ്യാപേക്ഷയെ ഇഡി എതിർത്തത്. ഇതേ കേസിൽ സിസോദിയയ്‌ക്കൊപ്പം ആം ആദ്മി പാർട്ടിയുടെ മുൻ മീഡിയ ഇൻ ചാർജ് വിജയ് നായർ, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായ സംരംഭകരായ അഭിഷേക് ബോയ്നാപ്പള്ളി, ബിനയ് ബാബു എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
ഫെബ്രുവരി 26 നാണ് സിസോദിയയെ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആദ്യം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മാർച്ച് 9 ന് ഇഡിയും സിസോദിയയെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ നാല് മാസത്തിലേറെയായി തിഹാർ ജയിലിലാണ്. അദ്ദേഹത്തിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
Story Highlights: Manish Sisodia Denied Bail By Delhi High Court In Liquor Policy Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here