മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറിൻ്റെ പിഎച്ച്ഡി വ്യാജം; ആരോപണവുമായി കെ എസ് യു

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടൻറെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയെന്ന ആരോപണവുമായി കെഎസ്‍യു. സർക്കാർ അധ്യാപകനായി ജോലി ചെയ്ത അതേ സമയത്താണ് രതീഷ് അസം സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതെന്നും യുജിസിക്ക് പരാതി നൽകുമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്വ്യർ പറഞ്ഞു. ആരോപണം തള്ളിയ രതീഷ് കാളിയാടൻ അപവാദ പ്രചരണമെന്ന് കാട്ടി പൊലീസിൽ പരാതി നൽകി.
രതീഷ് കാളിയാടൻ അസം സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയത് തട്ടിപ്പിലൂടെയെന്നാണ് കെഎസ്‍യുവിൻറെ ആരോപണം. ഗവേഷണ പ്രബന്ധത്തിലെ രണ്ടാം ചാപ്റ്ററിൽ 95%വരെ കോപ്പിയടിയുണ്ടെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്വ്യർ ആരോപിച്ചു. ജേണലിസത്തിൽ പിഎച്ച്ഡി നേടിയ 2012-14 കാലത്ത് രതീഷ് തലശ്ശേരി ഗോൾസ് ഹയർസെക്കൻററി സ്കൂളിൽ അധ്യാപകനായിരുന്നുവെന്നും അന്വേഷണം വേണമെന്നും കെഎസ്‍യു ആവശ്യപ്പെട്ടു.
പാർട്ട് ടൈം ആയാണ് ഗവേഷണം പൂർത്തിയാക്കിയതെന്നാണ് ഇക്കാര്യത്തിൽ രതീഷിന്റെ മറുപടി. വ്യാജപ്രചരണത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയെന്നും രതീഷ് കാളിയാടൻ 24നോട്.
ഇത് സംബന്ധിച്ച് വാർത്ത നൽകിയ വീക്ഷണം പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രതീഷ് പറഞ്ഞു.
Story Highlights: pinarayi vijayan adviser ksu allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here