മഴ കനക്കുന്നു, പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനം; ക്യാമ്പ് സന്ദർശിച്ച് വീണാ ജോർജ്

പത്തനംതിട്ട തിരുമൂലപുരം ബാലികാമഠം സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ എലിപ്പനിയുണ്ടാക്കനുള്ള സാധ്യതയുണ്ട്. (Veena George visits Flood camps)
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ, പ്രളയ ബാധിത പ്രദേശങ്ങളിൽ ഉള്ളവർ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം. എല്ലാ ക്യാമ്പുകളിലും മെഡിക്കൽ ടീം പരിശോധന നടത്തുന്നുണ്ട്.പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ ക്യാമ്പുകളിൽ മാറ്റിയിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.
മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മഴ ശമിക്കുമ്പോൾ വെള്ളക്കെട്ട് കാണാൻ പോകുന്നതും, മീൻ പിടിക്കാൻ പോകുന്നതും മറ്റും ഒഴിവാക്കണം. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾക്ക് ഓഫീസർമാരെ ചുമതലപ്പെടുത്തണം. പഞ്ചായത്ത് തലത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആവണിപ്പാറയിൽ താൽക്കാലികമായി ആലപ്പുഴയിൽ നിന്ന് ബോട്ട് എത്തിക്കും. അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങളിൽ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
Read Also:‘ഇതു തന്നെ അല്ലേ അത്’; 11 വര്‍ഷത്തിന് ശേഷം ട്വിറ്ററില്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ട്വീറ്റ്
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർക്ക് നൽകണം. എല്ലാ ദുരിതാശ്വാസക്യാമ്പുകൾ കേന്ദ്രീകരിച്ചും കൃത്യമായ ഇടവേളകളിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തും. പനി, ഡെങ്കി എന്നിവ കണ്ടെത്തുന്നവരെ ക്യാമ്പുകളിൽ പ്രത്യേകം പാർപ്പിക്കണം.
ഉദ്യോഗസ്ഥരും ക്യാമ്പിൽ കഴിയുന്നവരും അടക്കം എല്ലാവരും എലിപ്പനിക്കെതിരായ ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണം. തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ ശുചിത്വം ഉറപ്പുവരുത്തണം. ക്യാമ്പുകളിൽ വൈദ്യുതി കെഎസ്ഇബി ഉറപ്പാക്കണം. സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പാചകവാതകവും വില്ലേജ് ഓഫീസർമാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: Veena George visits Flood camps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here