മണിപ്പൂരിൽ വീണ്ടും സംഘർഷം: 24 മണിക്കൂറിനിടെ നാല് മരണം

വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിർത്തി പ്രദേശത്ത് നടന്ന വ്യത്യസ്‌ത അക്രമസംഭവങ്ങളിൽ ഒരു പൊലീസുകാരനും കൗമാരക്കാരനും ഉൾപ്പെടെ നാലുപേർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്.
ബിഷ്ണുപൂർ ജില്ലയിലെ കാങ്വായ്-അവാങ് ലേഖായി മേഖലയിൽ ഇന്നലെ രാത്രി മുതൽ വെടിവയ്പ്പ് തുടരുകയാണ്. വെടിവയ്‌പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി, ഈ രണ്ട് ജില്ലകൾക്കിടയിലുള്ള അതിർത്തി പ്രദേശങ്ങളിൽ കൊലപാതകങ്ങളും അക്രമങ്ങളും തീവെപ്പ് സംഭവങ്ങളും വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂരിലെ നിലവിലെ പ്രതിസന്ധിയുടെ തുടക്കം മുതൽ തന്നെ ബിഷ്ണുപൂർ ജില്ലയ്ക്ക് കീഴിലുള്ള കാങ്‌വായ് പ്രദേശം രണ്ട് സമുദായങ്ങളുടെയും സാമീപ്യം കാരണം സെൻസിറ്റീവ് ഏരിയയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ അതിർത്തി രക്ഷാ സേനയെ (ബിഎസ്എഫ്) വിന്യസിച്ചിട്ടുണ്ട്. ബഫർ സോണുകളായി തിരിച്ചാണ് സുരക്ഷാ സേനയെ വിന്യസിചിരിക്കുന്നത്.
മണിപ്പൂരിലെ ഇംഫാലിലെ ചരിത്രപ്രസിദ്ധമായ കംഗ്ല കോട്ടയ്ക്ക് സമീപം മഹാബലി റോഡിൽ തടിച്ചുകൂടിയ ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം രണ്ട് വാഹനങ്ങൾ കത്തിച്ചു. ജനക്കൂട്ടം പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും പൊലീസിന് വെടിയുതിർക്കേണ്ടിവന്നു.
200 ഓളം പേരടങ്ങുന്ന മറ്റൊരു ജനക്കൂട്ടം ഇംഫാൽ വെസ്റ്റിലെ പാലസ് കോമ്പൗണ്ടിൽ തടിച്ചുകൂടിയിരുന്നെങ്കിലും പുലർച്ചെ 12.30 ഓടെ സൈന്യവും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഇടപെട്ട് ഇവരെ പിരിച്ചുവിടാൻ കഴിഞ്ഞു. മണിപ്പൂരിൽ 67 ദിവസമായി കലാപം തുടരുകയാണ്. ഇതുവരെ 140 പേർക്കാണ് ജീവൻ നഷ്ടമായത്.
Story Highlights: Cop Teenager Among 4 Killed In Fresh Violence In Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here