മാനന്തവാടിയില്‍ പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത സംഭവം; കേസെടുത്ത് മണിക്കൂറുകള്‍ക്കകം പ്രതികള്‍ അറസ്റ്റിൽ

പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ എംഎം അബ്ദുള്‍ കരീമും സംഘവും അറസ്റ്റുചെയ്തു. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ് (24), എരുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍ (23), പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം (20) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമുള്ള വിവിധവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂവര്‍ സംഘം മദ്യലഹരിയില്‍ പരസ്പരമുണ്ടായ ബഹളത്തിനും കയ്യാങ്കളിക്കുമിടയില്‍ ഗ്രോട്ടോ തകര്‍ത്തതായാണ് പൊലീസിന് മൊഴിനല്കിയിരിക്കുന്നത്. ഇവര്‍ മദ്യശാലയിൽ ഒരുമിച്ചിരിക്കുന്നതും, ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്റേയും മറ്റും സിസിടിവി ദൃശ്യമടക്കമുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്ത് മണിക്കൂറുകള്‍ക്കകം പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികള്‍ വലയിലായതോടെ പ്രദേശത്ത് സാമൂഹിക സ്പര്‍ദ്ധയ്ക്ക് പോലും ഇടവരാവുന്ന സംഭവമാണ് അവസാനിച്ചത്. ഇത് രണ്ടാം തവണയാണ് ഈ ഗ്രോട്ടോ ആക്രമിക്കപ്പെടുന്നത്. അന്നും സമീപവാസിയായ യുവാവിനെ പിടികൂടിയിരുന്നു. ഏറെ മതസൗഹാര്‍ദത്തോടെ കഴിഞ്ഞുവരുന്ന പിലാക്കാവ് നിവാസികളെ സംബന്ധിച്ചിടത്തോളം രണ്ടാം തവണയും സമാനസംഭവം നടന്നത് ആശങ്കക്കിടയാക്കിയിരുന്നു.
Story Highlights: 3 persons destroyed the grotto of the church were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here