ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ അതൃപ്തിയുമായി സിപിഐ

ഏക സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ അതൃപ്തിയുമായി സിപിഐ. നിയമത്തിന്റെ കരട് പോലും ആകുന്നതിനു മുൻപു നടക്കുന്ന ചർച്ചകൾ അനാവശ്യമെന്നാണ് സിപിഐ നിലപാട്. ലീഗിനുള്ള ക്ഷണവും തുടർന്നുണ്ടായ വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും പാർട്ടി വിലയിരുത്തുന്നു. ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃയോഗത്തിലെ ചർച്ചകൾക്കു ശേഷമായിരിക്കും നിലപാട് പ്രഖ്യാപനം.
സിപിഐഎം കോഴിക്കോട് സംഘടിപ്പിച്ചിരിക്കുന്ന ഏക സിവിൽ കോഡ് വിരുദ്ധ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കുകയും വാദപ്രതിവാദങ്ങൾ മുറുകുകയും ചെയ്യുമ്പോഴും കാഴ്ചക്കാരുടെ വേഷത്തിലാണ് സിപിഐ. നേതാക്കളാരും പരസ്യപ്രതികരണങ്ങൾക്ക് തയാറായിട്ടില്ല. കരടുപോലും തയാറാക്കിയിട്ടില്ലാത്ത ഒരു നിയമത്തിന്റെ പേരിലാണ് സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുന്നതെന്നാണ് സിപിഐ വാദം. ഇത്ര വലിയ ചർച്ചകളിലേക്ക് പോകാനുള്ള സമയം ആയിട്ടില്ല. അപ്പോഴാണ് ഏക സിവിൽകോഡ് വിരുദ്ധ പ്രക്ഷോഭത്തിന്റെ നായകത്വം ഏറ്റെടുക്കാനുള്ള സിപിഐഎം ശ്രമം. 2018 ൽ റിട്ടയേർഡ് ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ ചെയർമാനായ 21 ാം ലോ കമ്മീഷൻ എക സിവിൽ കോഡ് അപ്പോൾ അനാവശ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് കഴിഞ്ഞ നംവബറിൽ രൂപീകരിച്ച റിട്ടയേഡ് ജസ്റ്റിസ് റിതുരാജ് അവാസ്തി ചെയർമാനായ 22ാം ലോകമ്മീഷനാകട്ടെ റിപ്പോർട്ട് പൂർത്തീകരിച്ചിട്ടുമില്ല. കരടുപോലും ആകാത്ത നിയമത്തിലാണ് സംസ്ഥാനത്തെ ചർച്ചകളെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച മുതൽ ഡൽഹിയിൽ നടക്കുന്ന ദേശീയ നേതൃയോഗങ്ങൾക്കു ശേഷമായിരിക്കും സിപിഐ നിലപാട് പരസ്യമായി പറയുക.
ഏകസിവിൽ കോഡിനെതിരായ നിലപാടിനപ്പുറം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതാണ് സിപിഐയുടെ പ്രശ്‌നം. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയോടുള്ള സിപിഐഎമ്മിന്റെ മൃദുസമീപനം ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാകുമോ എന്നതും സിപിഐയുടെ ഉറക്കം കെടുത്തും.
Story Highlights: Uniform civil code cpim muslim league cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here