ഗ്യാൻവാപി മസ്ജിദ് കേസ്: എഎസ്ഐ സർവേ ഹർജിയിൽ വാരാണസി കോടതിയുടെ വിധി ഇന്ന്

Gyanvapi Mosque Case: Varanasi Court Verdict On ASI Survey Plea Today: കാശി വിശ്വനാഥക്ഷേത്രത്തോടുചേർന്നുള്ള ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി പറഞ്ഞേക്കും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ വാരണാസി ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. ജൂലൈ 14ന് മുഴുവൻ കക്ഷികളുടെയും വാദം പൂർത്തിയായിരുന്നു. തർക്കം നിലനിൽക്കുന്ന വാജു ഖാന ഒഴികെയുള്ള ഗ്യാൻവാപി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവേ നടത്തണമെന്നാണ് ഹിന്ദു വിഭാഗം സമർപ്പിച്ച ഹർജിയിലെ ആവശ്യം.
ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകനായ വിഷ്ണു ജെയിൻ സമർപ്പിച്ച ഹർജിയിലാണ് വിധി പറയുക. ഗ്യാന്‍വാപി പള്ളിയിൽ മുഴുവനായി കാർബൺ ഡേറ്റിംഗ് നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. കഴിഞ്ഞ മെയിലാണ് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മുഴുവൻ ഗ്യാന്‍വാപി മസ്ജിദ് പരിസരവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തണമെന്ന ഹർജിയിൽ വാദം കേൾക്കാൻ കോടതി സമ്മതിച്ചത്. ഹർജി പരിഗണിച്ച കോടതി ഹിന്ദു പക്ഷം സമർപ്പിച്ച വാദങ്ങൾക്ക് മറുപടി നൽകാൻ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കാർബൺ ഡേറ്റിംഗ് സംബന്ധിച്ച വിധി കോടതി ജൂലൈ 21ലേക്ക് മാറ്റി വെച്ചത്. കഴിഞ്ഞ വർഷം ഇതേ കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹർജി വാരാണസി കോടതി തള്ളിയിരുന്നു. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ളതാണ് ഗ്യാന്‍വാപി മസ്ജിദ്. പതിനാറാം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് പള്ളി പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
1991ലാണ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ ഹര്‍ജി സമര്‍പ്പിച്ചത്. ഗ്യാന്‍വാപി വളപ്പില്‍ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. 2019 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം വീണ്ടും ഉടലെടുക്കുന്നത്.
Story Highlights: Gyanvapi Mosque Case: Varanasi Court Verdict On ASI Survey Plea Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here