ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വീണാ ജോര്‍ജ്

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഹര്‍ഷിന പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്കൊപ്പമാണെന്നും ഹര്‍ഷിനയ്ക്ക് നീതി ലഭിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തെറ്റുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തണം എന്നാണ് നിലപാട്. പൊലീസ് അന്വേഷണം സര്‍ക്കാര്‍ തീരുമാനപ്രകാരമാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്നും വീണാ ജോര്‍ജ് പറഞ്ഞു. (Government is with harshina says minister veena George)
ഹര്‍ഷിനയ്ക്ക് സംഭവിച്ചത് ആവര്‍ത്താന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ക്കൊപ്പം തുടക്കം മുതല്‍ തന്നെ സര്‍ക്കാരുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെക്കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് വരട്ടെ. ആരോഗ്യ വകുപ്പ് നടത്തിയ രണ്ട് അന്വേഷണങ്ങളും തൃപ്തികരമായിരുന്നില്ല. പൊലീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പ് തന്നെയാണ്. നിയമപരമായി ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതെന്ന സ്ഥിരീകരണം ഇന്ന് പുറത്തുവന്നിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലു പേര് കുറ്റക്കാരെന്നാണ് റിപ്പോര്‍ട്ട്. പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്‍ഷിനക്ക് 2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷം നടത്തിയ സ്കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
Story Highlights: Government is with harshina says minister veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here