Advertisement

ഉന്നത വിദ്യാഭ്യാസ മേഖല ആർ.ബിന്ദു എ.കെ.ജി സെന്ററാക്കി മാറ്റി: കെ സുരേന്ദ്രൻ

July 28, 2023
2 minutes Read
R.Bindu converted Higher education sector into AKG Centre_ K Surendran

കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എ.കെ.ജി സെന്ററാക്കി മാറ്റി കഴിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പാർട്ടി കേഡർമാരായ സ്വന്തക്കാർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം കിട്ടാതായപ്പോൾ പട്ടിക തിരുത്തിച്ച് അനർഹരെ കുത്തി നിറച്ച മന്ത്രിക്ക് ഇനിയും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലെ 43 പേരുടെ നിയമനം നടത്താതെ തടഞ്ഞുവെക്കാൻ ബിന്ദുവിന് അധികാരമില്ല. മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മാർക്ക് ലിസ്റ്റ് തട്ടിപ്പും വ്യാജ സർട്ടിഫിക്കറ്റ് വിതരണങ്ങളും അടക്കം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ നാണംകെടുത്തുമ്പോഴാണ് മന്ത്രി തന്നെ നേരിട്ട് ഇറങ്ങി അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഇടപെടേണ്ട സംസ്ഥാന സർക്കാർ തകർച്ചയ്ക്ക് ആക്കംകൂട്ടുകയാണ്. ഓരോ സർവകലാശാലയിലും ഡിഗ്രിക്കു പോലും പതിനായിരക്കണക്കിന് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ് ആക്കും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മൗനം വെടിയണം. അദ്ധ്യാപകരുടെയും അടിസ്ഥാന സൗകര്യത്തിൻ്റെയും കുറവു മൂലം കേരളത്തിലെ ഇരുനൂറോളം മെഡിക്കൽ സീറ്റുകൾ നഷ്ടമായി എന്നതും സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേട് വ്യക്തമാക്കുന്നു.

എസ്എഫ്ഐ പോലുള്ള സംഘടനകളുടെ ഗുണ്ടായിസവും ഭീഷണിയുമാണ് വിദ്യാർത്ഥികളെ കേരളം വിടാൻ പ്രേരിപ്പിക്കുന്നത്. പതിനായിരക്കണക്കിന് സീറ്റിൽ ആളില്ലാതായതോടെ മറ്റൊരു വെളളാനയായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറുകയാണ്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനത്തിന് അയൽ സംസ്ഥാനങ്ങളിലേക്ക് കുടിയേറുമ്പോൾ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന പ്രഖ്യാപിച്ച കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഒരാൾ പോലും എത്തുന്നുമില്ല. ഇങ്ങനെയാണെങ്കിൽ എന്തിനാണ് ഒരു ഉന്നത വിദ്യാഭ്യാസ വകുപ്പെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

Story Highlights: R Bindu converted Higher education sector into AKG Centre: K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top