ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെ; പ്രതി മദ്യലഹരിയില്‍ ആയിരുന്നില്ലെന്ന് റിമാന്റ് റിപ്പോര്‍ട്ട്

ആലുവയില്‍ അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ 24ന് ലഭിച്ചു. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു.
കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ആളാണ് പ്രതി. ജാമ്യം ലഭിച്ചാല്‍ ഇയാള്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പ്രതി സമാന കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. കൊലപാതകം നടന്നത് ബലാത്സംഗത്തിനിടെയാണ്. കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയില്‍ അല്ല, സ്വബോധത്തിലായിരുന്നുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബീഹാറിലെ ഗോപാല്‍ഗഞ്ചിലാണ് പ്രതിയുടെ വീട്.
സംഭവത്തില്‍ പ്രതി അസഫാക്ക് ആലം റിമാന്‍ഡിലാണ്. കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവുകയാണ്. പ്രതി അസഫാക്ക് ആലത്തിന്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. എഫ്‌ഐആര്‍ പകര്‍പ്പും വിശദാംശങ്ങളും 24ന് ലഭിച്ചു.
Story Highlights: Remand report details in aluva child murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here