കൈക്കൂലിക്കേസ്; പാലക്കയം വില്ലേജ് ഓഫീസിൽ ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കും മാറ്റി.
ഇവർക്കു പകരം പൊറ്റശ്ശേരി-ഒന്ന് വില്ലേജിലുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിനെയും അലനല്ലൂർ മൂന്ന് വില്ലേജ് ഓഫീസിലുണ്ടായിരുന്ന ഫീൽഡ് അസിസ്റ്റന്റിനെയും പാലക്കയത്തു നിയമിച്ചു. വില്ലേജ് ഓഫീസറെ നിയമിച്ചിട്ടില്ല.
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുൻ ഫീൽഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ മേയ് 23-നാണ് പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി. ഷംസുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. ലൊക്കേഷൻ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകാൻ മഞ്ചേരി സ്വദേശിയിൽനിന്നു 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളുടെ മണ്ണാർക്കാട്ടുള്ള താമസസ്ഥലത്ത് വിജിലൻസ് നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷംരൂപയുടെ സ്ഥിരനിക്ഷേപരേഖകളും കണ്ടെടുത്തിയിരുന്നു.
ഒരു മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ സുരേഷ്‌കുമാറിന് ജൂൺ ആദ്യവാരമാണ് ജാമ്യം ലഭിച്ചത്. കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Palakkayam Village Office Employees transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here