Advertisement

അയ്യപ്പനെയും ഗണപതിയെയും തൊട്ടപ്പോൾ സിപിഐഎമ്മിന് കൈപൊള്ളി; കെ. മുരളീധരൻ

August 16, 2023
1 minute Read
Ganesha myth row; K Muraleedharan Criticizing CPIM

അയ്യപ്പനെ തൊട്ടപ്പോൾ കൈ പൊള്ളിയത് പോലെ ഗണപതിയെ തൊട്ടപ്പോഴും സിപിഐഎമ്മിന് കൈയ്യും മുഖവും പൊള്ളിയെന്ന പരിഹാസവുമായി കെ. മുരളീധരൻ എം.പി. എൻ.എസ്.എസിനോടുള്ള സിപിഐഎമ്മിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. എൻഎസ്എസിനെതിരായ കേസ് പിൻവലിക്കാൻ ഉള്ള നീക്കം നടന്നാൽ നല്ല കാര്യമാണ് എന്നതിൽ സംശയമില്ല. എൻഎസ്എസ് വർഗീയ സംഘടന അല്ലെന്ന് സിപിഐഎം പറയുന്നതിൽ സന്തോഷമുണ്ടെന്നും സെപ്റ്റംബർ 5 കഴിഞ്ഞാലും ഈ നിലപാട് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പളളിയിൽ സ്ഥാനാർഥികളെ വ്യക്തിപരമായി ആക്ഷേപിക്കരുത്. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കേണ്ടത്. വികസനം ചർച്ച ചെയ്യുന്നതിൽ ഇവിടെ ആർക്കും എതിർപ്പില്ല. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ നേതാക്കളെത്തുന്ന കീഴ് വഴക്കമില്ല. അയ്യപ്പന്റെ കാര്യത്തിലും എൻഎസ്എസിനെതിരായ നിലപാടിലും എം.വി. ഗോവിന്ദൻ ഇപ്പോൾ പ്ലേറ്റ് മാറ്റുകയാണെന്നും കെ. മുരളീധരൻ വിമർശിച്ചു.

എൻഎസ്എസിൻ്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാനാണ് സർക്കാരിന്റെ നീക്കം. സർക്കാർ നിർദേശത്തെ തുടർന്ന് പൊലീസ് നിയമ സാധുത പരിശോധിച്ചു. ഘോഷയാത്രയിൽ അക്രമം ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനാണ് നീക്കം. തുടർനടപടി അവസാനിപ്പിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുന്നത് സർക്കാർ ആലോചിക്കുകയാണ്. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാൽ പിൻവലിക്കൽ അസാധ്യമെന്ന് സംശയമുണ്ടെങ്കിലും നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുൻപ് എൻ.എസ്.എസിന്റെ നീരസം മാറ്റാനാണ് സർക്കാർ നീക്കം.

അതേസമയം, പുതുപ്പള്ളിയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് കോട്ടയം ആർ ഡി ഒ മുമ്പാകെയാണ് ജെയ്ക്ക് സി തോമസ് നാമനിർദ്ദേശപത്രിക സമർപ്പിക്കുക. രാവിലെ സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തുന്ന സ്ഥാനാർത്ഥി അവിടെ നിന്ന് എൽ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കൾക്കൊപ്പമാണ് പത്രിക സമർപ്പണത്തിനായി പോകുന്നത്.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. മണർകാട് ജംഗ്ഷനിൽ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.

Story Highlights: Ganesha myth row; K Muraleedharan Criticizing CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top