‘എന്താണ് കുഴപ്പം?’; യോഗിയുടെ കാലിൽ വീണ രജനികാന്തിനെ പിന്തുണച്ച് അണ്ണാമലൈ

ലഖ്നൗ സന്ദർശനത്തിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ടു വണങ്ങിയ സംഭവത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിനെ പിന്തുണച്ച് തമിഴ്നാട് ബിജെപി. യോഗിയോടുള്ള ആദരവ് കാണിക്കാനാണ് രജനികാന്ത് അങ്ങനെ ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.
‘ഗോരഖ്പൂർ മഠത്തിന്റെ തലവനാണ് യോഗി. ഉത്തർപ്രദേശിലെ ജനങ്ങൾ അദ്ദേഹത്തെ ‘മഹാരാജ്’ എന്നാണ് വിളിക്കുന്നത്. അപ്പോൾ രജനികാന്ത് യോഗിയുടെ കാലിൽ വീണാൽ എന്താണ് കുഴപ്പം? ഒരാൾ മറ്റൊരാളേക്കാൾ താഴ്ന്നവനാണ് എന്നല്ല ഇതിനർത്ഥം. യോഗിയേയും അദ്ദേഹത്തിന്റെ ആത്മീയതയേയും ബഹുമാനിക്കുകയാണ് രജനികാന്ത് ചെയ്തത്’ – അണ്ണാമലൈ പറഞ്ഞു.
ഒരു പണിയുമില്ലാത്ത ചില രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും എല്ലാറ്റിനെയും വിമർശിക്കാൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാട്ടിലെ മന്ത്രിമാർ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കാൽക്കൽ വീഴുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.
“മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കാലിൽ മന്ത്രിമാർ വീഴുന്ന കാഴ്ചയാണ് നമ്മൾ അടുത്തിടെ കാണുന്നത്. അതുപോലെ ഉദയനിധി സ്റ്റാലിനേക്കാൾ സീനിയറായ ഒരു എം.എൽ.എ നിയമസഭയിൽ അദ്ദേഹത്തെ വണങ്ങി. രജനികാന്തിനെ വിമർശിക്കുന്നവർ എന്തുകൊണ്ട് ഇതൊന്നും മിണ്ടുന്നില്ല?” അണ്ണാമലൈ ചോദിച്ചു.
Story Highlights: Tamil Nadu BJP on Rajinikanth touching Yogi Adityanath’s feet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here