ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ കളിയിൽ പാകിസ്താൻ നേപ്പാളിനെ നേരിടും

ഇക്കൊല്ലത്തെ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. ആദ്യ കളിയിൽ ആതിഥേയരായ പാകിസ്താൻ നേപ്പാളിനെ നേരിടും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പാകിസ്താനിലെ മുൾട്ടാനിലാണ് മത്സരം. ഏഷ്യാ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടിയെത്തുന്ന നേപ്പാളിനെ പാകിസ്താൻ അനായാസം പരാജയപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. (asia cup pakistan nepal)
Read Also: സഞ്ജു സാംസൺ ഏഷ്യാ കപ്പിനില്ല; രാഹുലും, ശ്രേയസും തിരിച്ചെത്തി,രോഹിത് ശർമ നയിക്കും
സമീപകാലത്തായി ഏകദിന ക്രിക്കറ്റിൽ നേപ്പാൾ കാഴ്ചവെക്കുന്ന തകർപ്പൻ പ്രകടനങ്ങളാണ് അവരെ ഏഷ്യാ കപ്പിലെത്തിച്ചത്. എസിസി മെൻസ് പ്രീമിയർ കപ്പിൽ യുഎഇയെ വീഴ്ത്തി കിരീടം നേടിയാണ് നേപ്പാൾ ഏഷ്യാ കപ്പിലേക്ക് ടിക്കറ്റെടുത്തത്. 2018ൽ മാത്രം ഐസിസിയുടെ ഏകദിന അംഗീകാരം ലഭിച്ച നേപ്പാൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച ഫോമിലാണ്.
നേപ്പാളിൻ്റെ പ്രൈം സ്പിന്നർ സന്ദീപ് ലമിഛാനെ ഇക്കൊല്ലം ആകെ നേടിയത് 42 വിക്കറ്റുകളാണ്. ഏകദിനത്തിൽ ഇക്കൊല്ലം ഏറ്റവുമധികം വിക്കറ്റ് നേടിയ താരമാണ് ലമിഛാനെ. പട്ടികയിൽ നേപ്പാളിൻ്റെ തന്നെ കരുൺ കെസിയും സോമ്പാൽ കമിയുമാണ് അടുത്ത രണ്ട് സ്ഥാനങ്ങളിൽ. ക്യാപ്റ്റൻ രോഹിത് പൗഡലാണ് നേപ്പാളിൻ്റെ ബാറ്റിംഗ് ശക്തി. 2021 മുതൽ ഏകദിനത്തിൽ ആകെ രോഹിത് നേടിയത് 1383 റൺസാണ്. ഇക്കാലയളവിൽ ഇതിനെക്കാൾ റൺസ് നേടിയത് ലോകത്തിലെ ഒന്നാം നമ്പർ താരം ബാബർ അസം മാത്രം.
Read Also: ‘ഏഷ്യാ കപ്പിൽ മാനസിക സമ്മർദം ഒഴിവാക്കി, കരുത്ത് ആർജിക്കണം’; തീയിലൂടെ നടന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം
എന്നാൽ, നിലവിൽ ഏകദിനത്തിലെ ഒന്നാം റാങ്കിലുള്ള ടീമായ പാകിസ്താനെ തോല്പിക്കാൻ ഇത് മതിയാവില്ല. എല്ലാ ഡിപ്പാർട്ട്മെൻ്റിലും ശക്തമായ, ബാലൻസ്ഡ് ആയ ഒരു നിരയാണ് പാകിസ്താൻ്റേത്. ഇമാമുൽ ഹഖ്, ബാബർ അസം എന്നിവരിൽ തുടങ്ങുന്ന ബാറ്റിംഗ് ഓർഡർ മുഹമ്മദ് റിസ്‌വാൻ, ആഘ സൽമാൻ എന്നിവരിലൂടെ ഇഫ്തിക്കാർ അഹ്മദ്, ഷദബ് ഖാൻ എന്നീ ഫിനിഷർമാർ വരെ നീളുന്നു. ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നീ മൂന്ന് പേസർമാർ ഒരുമിച്ച് ചേരുമ്പോൾ അതിനെ അതിജീവിക്കുക ലോകത്തിലെ ഏത് ബാറ്റിംഗ് നിരയ്ക്കും ബുദ്ധിമുട്ടാണ്.
Story Highlights: asia cup pakistan nepal today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here