സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം; അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി

ഗൗതം അദാനിയെ വെട്ടിലാക്കിയ ക്രമക്കേടുകളുടെ കണ്ടെത്തലിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനി ഗ്രൂപ്പിന്റെ ഓഫ്ഷോര്‍ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട രാഹുല്‍, രാജ്യത്തിന്റെ സല്‍പ്പേര് അപകടനിലയിലാണെന്നും കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ഈ ‘മാന്യന്’ എന്തിനാണ് വിമാനത്താവളങ്ങളും തുറമുഖങ്ങളും പോലുള്ളവ കെട്ടിപ്പടുക്കാന്‍ ബില്യണ്‍ ഡോളര്‍ അനുവദിച്ചത്. എന്തുകൊണ്ട് ഇതിലൊന്നും അന്വേഷണം നടക്കുന്നില്ല? കുറഞ്ഞത് ഒരു സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണമെങ്കിലും വേണം. രാഹുല്‍ വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ യോഗം നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ആഗോള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (OCCRP) ആണ് അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ പുറത്തുവിട്ടത്. മൗറീഷ്യസ് ഫണ്ടുകള്‍ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അതേസമയം ആരോപണങ്ങള്‍ തള്ളി ഗ്രൂപ്പ് രംഗത്തെത്തി.
Read Also: പാര്‍ലമെന്റ് സമ്മേളനത്തിലെ അജണ്ടയെന്ത്?; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാസാക്കാനെന്ന് സൂചന
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തിറങ്ങി ഏകദേശം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് OCCRPന്റെ ഈ റിപ്പോര്‍ട്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ് OCCRP. മൗറീഷ്യസ് ഫണ്ടുകള്‍ വഴി അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. അദാനി തന്നെ രഹസ്യമായി സ്വന്തം കമ്പനികളില്‍ നിക്ഷേപം നടത്തിയതായും കണ്ടെത്തി.
2013 മുതല്‍ 2018 വരെ ഗ്രൂപ്പ് കമ്പനികള്‍ തങ്ങളുടെ ഓഹരികള്‍ രഹസ്യമായി വാങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ കണ്ടെത്തല്‍. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയര്‍ത്തി അദാനി പണം തട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങള്‍ക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. അദാനി വിഷയത്തില്‍ കേന്ദ്രത്തിനെതിരെയുള്ള ആക്രമണം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
Story Highlights: Rahul gandhi demands joint parliamentary committee probe in allegation against Adani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here