Advertisement

മൂന്നാറിൽ റവന്യുവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണ പ്രവർത്തനം; വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി

September 5, 2023
2 minutes Read
construction in violation of stop memo in Munnar high court to submit details

മൂന്നാർ മേഖലയിൽ റവന്യുവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണം തുടരുന്നതിലെ വിശദാംശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ കാലതാമസത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കളക്ടർക്ക് കോടതി നിർദേശം നൽകിയത്. അതെ സമയം അമിക്കസ് ക്യൂറിക്കെതിരെയും, ജില്ലാ കലക്ടർക്കെതിരെയും പരസ്യപ്രസ്താവനകൾ പാടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. കോടതി ഉത്തരവുകൾ നടപ്പിലാക്കുകയാണ് ഇരുവരും ചെയ്യുന്നത്, എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് രേഖാമൂലം കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

മൂന്നാർ മേഖലയിൽ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണങ്ങൾ നടക്കുന്നുത് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ ചട്ടലംഘനം നടത്തുന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 16 വർഷമായി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും, സമയബന്ധിതമായ നടപടി വേണമെന്നും കോടതി നിർദേശിച്ചു. ഭൂ ഉടമകളുടെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാകളക്ടർ വില്ലേജ് ഓഫീസർമാരെ ചുമതലപ്പടുത്തണമെന്നും കോടതി വ്യക്തമാക്കി.

ജില്ലയിൽ 326 കയ്യേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 20 എണ്ണം ഒഴിപ്പിച്ചിട്ടുണ്ടെന്നും, ഭൂസംരക്ഷണ നിയമ പ്രകാരം ചില കൈയ്യേറ്റങ്ങൾക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ടെന്നും കളക്‌ടർ അറിയിച്ചു. സർവേ ആവശ്യമായ കേസുകളിൽ രണ്ട് മാസത്തിനകം പൂർത്തിയാക്കി തുടർനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. എന്നാൽ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിക്കാൻ കഴിയുമോ എന്ന് കോടതി ആരാഞ്ഞു. കൂടാതെ വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കോടതി കക്ഷി ചേർത്തു.

ശാന്തൻപാറയിൽ ചട്ടം ലംഘിച്ച് നിർമിക്കുന്ന പാർട്ടി ഓഫീസ് നിർമാണം തടഞ്ഞതിൽ അമിക്കസ് ക്യൂറിക്കെതിരെയും, കളക്ടർക്കെതിരെയും പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസിന് കോടതി വാക്കാലാണ് നിർദേശം നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ അത് നീതി നിർവഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നും മൂന്നാർ വിഷയങ്ങൾ പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകി.

Story Highlights: construction in violation of stop memo in Munnar high court to submit details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top