Advertisement

കരുവന്നൂരിന് സമാനമായ തട്ടിപ്പ് സതീഷ് മറ്റിടങ്ങളിലും നടത്തി; സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലേക്കും അന്വേഷണം നീളുന്നു

September 6, 2023
3 minutes Read
suresh kumar did similar fraud in other banks ED finds

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി.സതീഷ്‌കുമാറിനെതിരെ സുപ്രധാന കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലേക്കും അന്വേഷണം നീളും. ( suresh kumar did similar fraud in other banks ED finds )

കരുവന്നൂരിന് സമാനമായ തട്ടിപ്പ് സതീഷ് മറ്റിടങ്ങളിലും നടത്തിയതായി ഇ.ഡി കണ്ടെത്തി. സ്ഥിര നിക്ഷേപം നടത്തിയവരുടെ വ്യാജരേഖകൾ ചമച്ച് തട്ടിച്ചത് നിക്ഷേപത്തുകയുടെ 90% വരെയെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 30 കോടി രൂപ സതീഷ് കരുവന്നൂരിൽ വെളുപ്പിച്ച് തിരിച്ച് കടത്തിയെന്നും അന്വേഷണ സംഘം പറയുന്നു.

പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സതീഷ്‌കുമാറിന്റെ ഇടപാടുകളിൽ വിശദപരിശോധനയ്ക്ക് ഒരുങ്ങുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പി. സതീഷ്‌കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇഡി അറസ്റ്റുചെയ്തത്. കിരണിന് ബാങ്കിൽ അംഗത്വം പോലുമില്ല. ബാങ്കിൽനിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയിൽ ലഭിച്ചതായി ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. 51 പേരുടെ രേഖകൾ അവർ പോലുമറിയാതെ ഈടുവെച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നൽകിയത്. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാർ ഉന്നത രാഷ്ട്രീയപ്രമുഖർക്ക് കൈമാറിയെന്നാണ് ഇഡിയുടെ നിഗമനം.

അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.ഐ.എം നേതാവ് എ.സി. മൊയ്തീൻ എം.എൽ.എക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു. മൂന്നാം തവണയാണ് കേസിൽ എ.സി. മൊയ്തീന് ഇ.ഡി നോട്ടീസ് നൽകുന്നത്. ഇഡിക്കു മുന്നിൽ ഹാജരാകുമെന്ന് എസി മൊയ്തീൻ 24നോട് പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്താനാണ് നിർദേശം. കഴിഞ്ഞയാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും മൊയ്തീൻ അസൗകര്യം അറിയിച്ചിരുന്നു. 10 വർഷത്തെ ആദായനികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ് ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകൾക്ക് പിന്നിൽ മുൻ മന്ത്രി എ സി മൊയ്തീനെന്നാണ് ഇ ഡിയുടെ നിലപാട്.

Story Highlights: suresh kumar did similar fraud in other banks ED finds

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top