ആലുവ പീഡനം; പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റലാണ് പിടിയിലായത്. പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. മാർത്താണ്ടവർമ പാലത്തിന് അടിയിലെ കുറ്റിക്കാട്ടിലാണ് പ്രതി ഒളിച്ചിരുന്നത്. പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളിൽ ഉള്ളത് പ്രതി തന്നെയാണെന്ന് ദൃക്സാക്ഷി സ്ഥിരീകരിച്ചു.
പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽനിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു.
ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് ഭാഷ്യം. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും മോഷണക്കേസിലടക്കം പിടിയിലായിട്ടുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഇയാൾ ഈ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയിട്ടുണ്ട് എന്നാണ് വിവരം. മുൻപും മൊബൈൽ ഫോൺ മോഷണം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
Story Highlights: Aluva child rape case Accused in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here