വിഭാഗീയതയ്‌ക്കെതിരായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടില്ലെന്ന് പരാതി; സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധു ബിജെപി വിട്ടു

സുഭാഷ് ചന്ദ്ര ബോസിന്റെ അടുത്ത ബന്ധു ചന്ദ്ര കുമാര്‍ ബോസ് ബിജെപി വിട്ടു. സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനാണ് ചന്ദ്രകുമാര്‍ ബോസ്. ചന്ദ്രബോസ് സഹോദരന്മാരുടെ പ്രത്യയശാസ്ത്രങ്ങള്‍ വികസിപ്പിക്കാന്‍ ബിജെപിയില്‍ യാതൊരു ഇടവും ലഭിക്കുന്നില്ലെന്നും തന്റെ ആശയങ്ങളും നിര്‍ദേശങ്ങളും ബിജെപി കേന്ദ്ര നേതൃത്വവും പശ്ചിമ ബംഗാള്‍ നേതൃത്വവും കണക്കിലെടുക്കുന്നില്ലെന്നും സൂചിപ്പിച്ചുകൊണ്ടാണ് രാജി. ബംഗാളിലെ ബിജെപിയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ചന്ദ്രകുമാര്‍ ബോസ്. ബുധനാഴ്ചയാണ് അദ്ദേഹം രാജിവിവരം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ അറിയിച്ചത്. (Netaji’s grandnephew Chandra Kumar Bose quits BJP)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആകൃഷ്ടനായാണ് താന്‍ ബജെപിയില്‍ എത്തിയതെന്ന് ചന്ദ്ര കുമാര്‍ ബോസ് വിശദീകരിച്ചു. നേതാജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി തനിക്ക് വാഗ്ദാനം നല്‍കിയിരുന്നു. വിഭജനത്തിന്റേയും വര്‍ഗീയതയുടേയും രാഷ്ട്രീയത്തിനെതിരെയാണ് ചന്ദ്രബോസ് സഹോദരന്മാര്‍ പോരാടിയത്. തന്റെ നിര്‍ദേശങ്ങള്‍ ഒന്നും പാര്‍ട്ടി പിന്തുണച്ചില്ലെന്നും അതിനാലാണ് രാജിയെന്നും ചന്ദ്രകുമാര്‍ ബോസ് കുറ്റപ്പെടുത്തി.
ബംഗാള്‍ പോലൊരു മതേതര ദേശത്ത് വിഭാഗീയ രാഷ്ട്രീയം വേരോടില്ലെന്ന് താന്‍ ബിജെപി ബംഗാള്‍ യൂണിറ്റിനോട് പറഞ്ഞിരുന്നതായി ദി സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തില്‍ ബോസ് പറഞ്ഞു. നമ്മുക്ക് മുന്നില്‍ ചേര്‍ത്ത് പിടിക്കലിന്റെ നേതാജി പ്രാവര്‍ത്തികമാക്കിയ മാതൃകയുണ്ടെന്നും താന്‍ നിര്‍ദേശിച്ചു. എന്നാല്‍ തന്നെ കേള്‍ക്കാന്‍ ആരും തയാറായില്ലെന്നാണ് ചന്ദ്രകുമാര്‍ ബോസിന്റെ വിമര്‍ശനങ്ങള്‍. ഒടുവില്‍ തന്റെ മുത്തച്ഛനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശരത് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ താന്‍ ബിജെപി വിടാന്‍ തീരുമാനമെടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Netaji’s grandnephew Chandra Kumar Bose quits BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here