ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഇനി ആർക്ക്? പ്രതീക്ഷയോടെ സ്ഥാനാർത്ഥികൾ, ആദ്യമണിക്കൂറുകൾ സൂചിപ്പിക്കുന്നതെന്ത്!

കേരളം രാഷ്ട്രീയം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇനി അറിയേണ്ടത് ജനനായകനാരെന്നുള്ളതാണ്. ബസേലിയസ് കോളജിൽ വെച്ച് രാവിലെ 8 മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. കേരളം കണ്ണീരോടെ വിട നൽകിയ നേതാവിന്റെ പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിക്കുന്ന ദിവസമാണിന്ന്. ഏറെ പ്രതീക്ഷയോടെയാണ് സ്ഥാനാർത്ഥികൾ.
അയർക്കുന്നത്തെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ആദ്യ റൗണ്ടിൽ എണ്ണുക 20,000 ത്തോളം വോട്ടുകളാണ്. ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്.
ആദ്യ മണിക്കൂറിൽ തന്നെ പുതുപ്പള്ളി ആരുടെ കൂടെയെന്ന് അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പുതുപ്പള്ളിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. ആദ്യ ലീഡ് ചാണ്ടി ഉമ്മന്. 72.86 ശതമാനം പോളിംഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ത്തിയായത് ബുധനാഴ്ചയാണ്.
എല്ലാ സ്ഥാനാർത്ഥികളും ഏറെ പ്രതീക്ഷയിലാണ്. ചെറിയ ഭൂരിപക്ഷമാണെങ്കിലും ജയ്ക് സി തോമസ് വിജയിക്കും എന്നാണ് ഇടതുമുന്നണി നേതൃത്വം അവകാശം ഉന്നയിച്ചിരുന്നു. വികസന വിഷയങ്ങളിൽ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വം. എന്നാൽ എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ പ്രതീക്ഷയിലാണ് യു ഡി എഫ്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകൾ സൂചിപ്പിക്കുന്നതും ഈ വിജയപ്രതീക്ഷ തന്നെയാണ്.
നല്ല മത്സരം കാഴ്ച വച്ചെന്നാണ് ബി ജെ പിനേതൃത്വവും അവകാശപ്പെടുന്നത്. 7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എഎപി സ്ഥാനാർത്ഥിയായി ലൂക്ക് തോമസ്, സ്വതന്ത്ര സ്ഥാനാർഥിയായി പി.കെ.ദേവദാസ്, ഷാജി, സന്തോഷ് ജോസഫ് എന്നിവരും മത്സരരംഗത്തുണ്ട്.
Story Highlights: puthuppally byelection vote counting live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here