ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു

പാക് അധീന കശ്മീരിൽ ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു. നിരോധിത ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പാക് അധീന കശ്മീരിലെ പള്ളിക്കുള്ളിൽ കയറി അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊല്ലുകയായിരുന്നു.
പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ വച്ച് അൽ-ഖുദൂസ് മസ്ജിദിനുള്ളിൽ വെച്ചാണ് ഭീകരന് വെടിയേറ്റത്. കോട്ലിയിൽ നിന്ന് പ്രാർത്ഥന നടത്താനെത്തിയ റിയാസ് അഹമ്മദിന് തലയ്ക്ക് വെടിയേറ്റുവെന്നാണ് വിവരം. ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന കമാൻഡറിൽ ഒരാളാണ് കൊല്ലപ്പെട്ട റിയാസ് അഹമ്മദ്.
ജനുവരി ഒന്നിന് രജൗരിയിലെ ധാൻഗ്രി ഗ്രാമത്തിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാൾ. ഭീകരർ നടത്തിയ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും, 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജമ്മുവിൽ നിന്നും 1999-ൽ പലായനം ചെയ്ത റിയാസ് അഹമ്മദ്, അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ തീവ്രവാദം ശക്തിപ്പെടുത്തുന്നതിന് പിന്നിലെ പ്രധാനിയായിരുന്നു. ഭീകര സംഘടനയുടെ സാമ്പത്തിക കാര്യങ്ങളും ഇയാൾ നോക്കിയിരുന്നു. ഈ വർഷം വെടിയേറ്റ് കൊല്ലപ്പെടുന്ന പാകിസ്താനിലെ വിവിധ ഭീകര സംഘടനകളുടെ നാലാമത്തെ കമാൻഡറാണ് അബു കാസിം.
Story Highlights: Terrorist Wanted By India Shot Dead In Pakistan-Occupied Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here