യുഡിഎഫ് ഏകോപനസമിതി യോഗം 13ന്

പുതുപ്പള്ളിയിലെ പരാജയം സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരായ ജനവിധിയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടിയോ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ യുഡിഎഫ് നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് യു ഡി എഫ് കൺവീനർ എംഎം ഹസൻ. ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് ഹസൻ അറിയിച്ചു.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും പൊലീസിന്റെ നിഷ്ക്രിയത്വത്തിനും എതിരെ യുഡിഎഫ് നടത്തിയ സമരപരിപാടികളെ ജനങ്ങൾ സ്വീകരിച്ചു എന്നതിന് തെളിവാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചരിത്ര ഭൂരിപക്ഷമെന്ന് ഹസൻ ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷന് ആവശ്യത്തിന് പണം നൽകാതെ സാധാരണക്കാരെയും സംഭരിച്ച നെല്ലിൻറെ വില നൽകാതെ കർഷകരെയും തിരുവോണനാളിൽ പട്ടിണിക്കിട്ടതിനും കുട്ടികളുടെ ഉച്ചക്കഞ്ഞി മുടക്കിയതിനും ലഭിച്ച തിരിച്ചടി കൂടിയാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം.
എഐ ക്യാമറ, കെ-ഫോൺ തുടങ്ങിയ പദ്ധതികളിലെ അഴിമതിയും മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിയിലും അന്വേഷണം നടത്താതെ ഒളിച്ചോടാൻ ഗവൺമെന്റിനെ അനുവദിക്കുകയില്ലെന്ന് ഹസൻ പറഞ്ഞു.
Story Highlights: UDF coordination committee meeting on 13
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here