‘ജനങ്ങളിലേക്കെത്താൻ മന്ത്രി സ്ഥാനം ആവശ്യമില്ല, ഒഴിയാൻ പറഞ്ഞാൽ ഒഴിയും’; ആന്റണി രാജു

മന്ത്രിസഭാ പുനഃസംഘടന റിപ്പോർട്ട് തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോൾ പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. വാർത്താമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. മാധ്യമ വാർത്തകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നാൽ താൻ ഒഴിയുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഇടതുമുന്നണി ചർച്ച ചെയ്തിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ത് തീരുമാനമെടുത്താലും അത് എല്ലാവർക്കും ബാധകമാണ്. മുന്നണി തീരുമാനം എന്തായാലും അംഗീകരിക്കും. മന്ത്രി സ്ഥാനത്ത് തുടരാൻ മെറിറ്റ് നോക്കേണ്ട കാര്യമില്ലെന്നും ഇത് മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾ മാത്രമാണെന്നും ഗതാഗത മന്ത്രി.
എൽഡിഎഫ് യോഗത്തിന്റെ അജണ്ട തീരുമാനിച്ചിട്ടില്ല. ഗതാഗത വകുപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് പറഞ്ഞ ആന്റണി രാജു ജനങ്ങളിലേക്കെത്താൻ മന്ത്രി സ്ഥാനം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. മന്ത്രിയാകാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച് ആളാണ് താൻ. മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണം എന്ന് പറഞ്ഞാൽ വിഷമം ഉണ്ടാകില്ലെന്നും ആന്റണി രാജു.
Story Highlights: ‘Minister position is not necessary to reach people’; Antony Raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here