ഭൂമിക്ക് 50,000 കിലോമീറ്റർ മുകളിലുള്ള അയണുകളുടെ സാന്നിധ്യം നിരീക്ഷിച്ചു; പഠനം തുടങ്ങി ആദിത്യ എൽ1

ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ1 വിവരശേഖരണം തുടങ്ങി. അതിതാപ അയണുകളുടെയും ഇലക്ട്രോണുകളുടെയും വിവരം ശേഖരിച്ചു. ഭൂമിക്ക് 50,000 കിലോമീറ്റർ മുകളിലുള്ള അയണുകളുടെയും ഇലക്ട്രോണുകളുടെയും സാന്നിധ്യം നിരീക്ഷിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണികാസ്വഭാവത്തെ പറ്റി പഠിക്കാൻ ഉതകുന്നതാണ് വിവരങ്ങൾ.ആദിത്യ എൽ 1 ലെ സ്റ്റെപ് എന്ന പേ ലോഡ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുക.(Aditya L1 has commenced collecting scientific data)
പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ സ്റ്റെപ്സ്-1 ഉപകരണം ശേഖരിക്കുന്ന വിവരങ്ങൾ സഹായിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റിന്‍റെ (ASPEX) ഭാഗമാണ് സ്റ്റെപ്സ്-1 ഉപകരണം. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി ആണ് ഈ ഉപകരണം നിർമിച്ചത്.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
സെപ്റ്റംബർ രണ്ടിനാണ് സൂര്യ പഠനത്തിനുള്ള ആദിത്യ എൽ1 പേടകം ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പി.എസ്.എൽ.വി- സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. നാലു മാസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ഭൂമിക്കും സൂര്യനും മധ്യേയുള്ള ലഗ്രാഞ്ചിയൻ 1 പോയിന്‍റിൽ (എൽ1 പോയിന്‍റ്) പേടകം എത്തും. എൽ1 പോയിന്‍റിനെ വലംവെച്ചാണ് ആദിത്യ പേടകം സൂര്യനെ നിരീക്ഷിക്കുക.
ആദിത്യ എൽ1ന്‍റെ നാല് ഭ്രമണപഥമാറ്റവും വിജയകരമായിരുന്നു. നിലവിൽ ഭൂമിയുടെ 256 കിലോമീറ്റർ അടുത്തും 121973 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലംവെക്കുന്നത്. നാലാം ഭ്രമണപഥത്തിൽ വലംവെക്കുന്നത് പൂർത്തിയാക്കിയ ശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ചിയൻ 1 പോയന്റിലേക്കുള്ള യാത്ര തുടങ്ങും. ഇതിനായി ത്രസ്റ്റർ എൻജിൻ ജ്വലിപ്പിച്ച് പേടകത്തെ ട്രാൻസ് ലഗ്രാഞ്ചിയൻ പോയന്റ് 1 പാതയിലേക്ക് മാറ്റും. ഈ പ്രക്രിയ സെപ്റ്റംബർ നാളെ രാവിലെ രണ്ട് മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
Story Highlights: Aditya L1 has commenced collecting scientific data
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here