Advertisement

ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ല; വിശദീകരണവുമായി തന്ത്രി സമാജം

September 20, 2023
2 minutes Read

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി.

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല. മാസങ്ങൾക്ക് ശേഷമുള്ള വിവാദത്തിൽ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാർത്താകുറിപ്പിൽ പറയുന്നു. മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിലാണ് അഖില കേരള തന്ത്രി സമാജത്തിൻ്റെ വിശദീകരണം.

ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.

“ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാന്‍ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തുവെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ എടുക്കണോ? ഞാന്‍ കത്തിക്കണോ? ഞാന്‍ പറഞ്ഞു പോയി പണി നോക്കാന്‍” – മന്ത്രി വിവരിച്ചു.

നേരിടേണ്ടി വന്ന ജാതി വിവേചനത്തിന് അതേ വേദിയില്‍ വെച്ചുതന്നെ മറുപടി പറഞ്ഞെന്ന് മന്ത്രി വിശദീകരിച്ചു. “ഞാന്‍ തരുന്ന പൈസയ്ക്ക് നിങ്ങള്‍ക്ക് അയിത്തമില്ല, എനിക്കാണ് നിങ്ങള്‍ അയിത്തം കല്‍പ്പിക്കുന്നത്. പൈസയ്ക്ക് മാത്രം അയിത്തമില്ല. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. ഈ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഞാന്‍ പറഞ്ഞു” – മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: All Kerala Tantri Samaj reacts caste discrimination Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top