കുമാരസ്വാമി – അമിത് ഷാ ചർച്ച ക്ലിക്ക് ആയി; ജെഡിഎസ് എന്‍ഡിഎയില്‍ ചേർന്നു

ദിവസങ്ങളായി നടന്നു വരുകയായിരുന്ന ചര്‍ച്ചകള്‍ക്കൊടുവിൽ ദേവഗൗഡയുടെ ജെഡിഎസ് എന്‍ഡിഎയിലെത്തി. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം ഇന്ന് വൈകിട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. അദ്ദേഹം ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ചർച്ച നടത്തിയിരുന്നു. എൻഡിഎ സഖ്യത്തില്‍ ചേരാന്‍ തീരുമാനമായെന്നും ലോക്സഭയിലേക്കുള്ള സീറ്റ് വിഭജനം ചർച്ചയായെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ദേവഗൗഡ ഡല്‍ഹിയിലെത്തുകയും ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ജെഡിഎസ് ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാണെന്ന് ജെപി നദ്ദ എക്‌സിലൂടെ അറിയിച്ചിരുന്നു.
‘ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ സന്തോഷം. ഞങ്ങള്‍ അവരെ എന്‍ഡിഎയിലേക്ക് പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുകയാണ്. ഈ സഖ്യം എന്‍ഡിഎയെ വീണ്ടും ശക്തിപ്പെടുത്തും’, ജെ.പി നദ്ദ വ്യക്തമാക്കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ബിജെപിയുമായി ജെഡിഎസ് അടുത്തത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് സഖ്യ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ലോക്‌സഭയില്‍ ഇരുപാര്‍ട്ടികളും സഖ്യമായാകും മത്സരിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here