കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. രാവിലെ 7 മണിക്ക് കാസർഗോഡ് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് ശേഷം 3.05ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.05ന് തിരിച്ചു പോകുന്ന ട്രെയിൻ 11.58ന് കാസർഗോഡ് എത്തും. നേരത്തെ പുറത്തുവിട്ട ഷെഡ്യൂളിൽ ഇത് 11.55 ആയിരുന്നു. പുതിയ ഷെഡ്യൂളിൽ 3 മിനിറ്റ് വൈകിയാണ് ട്രെയിൻ എത്തുക.
നേരത്തെ അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. എന്നാൽ, പുതുതായി അനുവദിച്ച ട്രെയിൻ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്.
തിരുവനന്തപുരത്തിനും കാസർഗോഡിനും തിരൂരിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്. തിരുവനന്തപുരം – കാസർഗോഡ് ആദ്യ സർവീസ് ചൊവ്വാഴ്ച്ചയും, കാസർഗോഡ് – തിരുവനന്തപുരം ആദ്യ സർവീസ് ബുധനാഴ്ച്ചയുമാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here