‘ഇഡി സിപിഐഎമ്മിനെതിരെ രാഷ്ട്രീയമായ കടന്നാക്രമണം നടത്തുന്നു’; ആരോപണവുമായി എംവി ഗോവിന്ദൻ

ഇഡിക്കെതിരെ ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇഡി സിപിഐഎമ്മിനെതിരെ രാഷ്ട്രീയമായ കടന്നാക്രമണം നടത്തുകയാണ്. ആ കടന്നാക്രമണത്തെ അതിശക്തമായി പ്രതിരോധിക്കും. സിപിഐഎം നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. (ed attack cpim govindan)
സഹകരണ മേഖലയ്ക്കെതിരായ ആക്രമണമാണ് നടക്കുന്നത്. ജനങ്ങൾ ശക്തിയായി പ്രതിരോധിക്കും. ബിജെപി സർക്കാർ പുതിയ ധനകാര്യസ്ഥാപനങ്ങൾ ലക്ഷ്യമിടുന്നു. ഇവിടെ കുഴപ്പമാണെന്ന് വരുത്തി നിക്ഷേപം അങ്ങോട്ടേക്ക് ആകർഷിക്കാനാണ് ശ്രമം. സഹകരണ മേഖലയിലെ നിക്ഷേപത്തിന് സർക്കാർ ഗ്യാരണ്ടി ഉണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. പയ്യന്നൂരിലെ പാർട്ടി പ്രതിസന്ധിയിൽ പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്തുവന്നു. ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് പക്ഷേ, പണം നഷ്ടപ്പെട്ടവർ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണമെന്നും ശോഭാ സുരേന്ദ്രൻ 24നോട് പ്രതികരിച്ചു.
അസുഖം വന്നാൽ പോലും പണം തിരികെ കിട്ടാത്ത അവസ്ഥയാണ് കരുവന്നൂരിൽ ഉള്ളത്. പണം നഷ്ടപ്പെട്ടുപോയ സഹകാരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കാണ്. അയ്യന്തോളിൽ സഹകാരികൾ നിക്ഷേപിച്ച പണം തിരികെ കിട്ടണം എന്ന് പറഞ്ഞപ്പോൾ അത്ര പെട്ടെന്ന് തരാൻ കഴിയില്ല എന്നാണ് പ്രസിഡൻ്റ് അറിയിച്ചത്. കരുവന്നൂരിൽ നിന്ന് തട്ടിയ പണം വിദേശത്തേക്ക് പോലും കടത്തി. പി സതീഷ് കുമാർ പണം നിക്ഷേപിച്ചത് വിദേശത്താണ്. പിന്നെ എവിടെ നിന്ന് പണമെടുത്ത് മുഖ്യമന്ത്രി സഹകാരികൾക്ക് കൊടുക്കും? – ശോഭ ചോദിക്കുന്നു.
സഹകരണ മന്ത്രി വി എൻ വാസവൻ വെറും പാർട്ടി നേതാവായി മാത്രം പെരുമാറുന്നു. അടിയന്തരമായി പണം നഷ്ടപ്പെട്ടവർക്ക് പണം വിതരണം ചെയ്യാൻ സഹകരണ വകുപ്പ് തയ്യാറാകണം. സഹകരണ വകുപ്പ് സിപിഐഎമ്മിന്റെ കയ്യിൽ നിന്ന് മാറ്റാൻ ഘടകകക്ഷികൾ തയ്യാറാകണം. ഊരാളുങ്കൽ സൊസൈറ്റി ആരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എത്ര ഷെയർ ആണ് സർക്കാരിൻറെ കയ്യിലുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ശോഭ പറഞ്ഞു.
Story Highlights: ed attack cpim govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here