Advertisement

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: വീട്ടമ്മയെ കബളിപ്പിച്ച് 1.12 കോടി തട്ടിയെടുത്ത നാല് ഉത്തരേന്ത്യക്കാര്‍ പിടിയില്‍

September 25, 2023
2 minutes Read
Four North Indians arrested for defrauding housewife of Rs 1.12 crore

എറണാകുളം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലു പേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ പ്രത്യേക അന്വേഷണസംഘം റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ജ്യോതിഷ് കുമാര്‍, മോഹന്‍കുമാര്‍, അജിത് കുമാര്‍, റാഞ്ചി സ്വദേശിയായ നീരജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍നിന്ന് 28 മൊബൈല്‍ ഫോണുകള്‍, 85 എടിഎം കാര്‍ഡുകള്‍, 8 സിം കാര്‍ഡുകള്‍, ലാപ്ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവ കൂടാതെ 1.25 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതികളെ റാഞ്ചി കോടതിയില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം കോടതിയില്‍ എത്തിക്കും. സ്നാപ്ഡീലിന്‍റെ ഉപഭോക്താക്കള്‍ക്കായി സ്നാപ്ഡീല്‍ ലക്കി ഡ്രോ എന്ന പേരില്‍ നടത്തിയ നറുക്കെടുപ്പില്‍ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

സമ്മാനത്തുക ലഭിക്കുന്നതിനായി സര്‍വീസ് ചാര്‍ജ് എന്നപേരില്‍ പലപ്പോഴായി പ്രതികള്‍ വീട്ടമ്മയില്‍ നിന്ന് ഒരുകോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുകയായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ഉടന്‍ തന്നെ മറ്റു അക്കൗണ്ടുകളിലൂടെ എടിഎം കാര്‍ഡ് വഴി പിന്‍വലിക്കുകയും ക്രിപ്റ്റോകറന്‍സി ആക്കി മാറ്റുകയുമാണ് തട്ടിപ്പ് രീതി. പ്രതികള്‍ ഇന്ത്യയില്‍ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് ബാങ്കിംഗിന്‍റെ പാസ് വേഡ് കൈക്കലാക്കുന്ന പ്രതികള്‍ യഥാര്‍ത്ഥ അക്കൗണ്ട് ഉടമകളുടെ ഫോണ്‍ നമ്പറുകള്‍ക്ക് പകരം സ്വന്തം ഫോണ്‍ നമ്പര്‍, അക്കൗണ്ടില്‍ ബന്ധിപ്പിക്കുന്നു.

അതിനാല്‍ അക്കൗണ്ട് ഉടമ തട്ടിപ്പ് അറിയുന്നില്ല. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബരജീവിതം നയിക്കുന്നതിനും വിലയേറിയ ഫോണുകളും വാഹനങ്ങളും വാങ്ങുന്നതിനുമാണ് ചെലവഴിച്ചത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ എറണാകുളം യൂണിറ്റ് ആയിരത്തോളം ഫോണ്‍ നമ്പറുകളും അഞ്ഞൂറോളം മൊബൈല്‍ ഫോണ്‍ രേഖകളും 250 ഓളം ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികള്‍ റാഞ്ചിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയത്. റാഞ്ചിയിലെ ഉള്‍പ്രദേശത്തെ ഒളിത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.

കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ വീട്ടമ്മ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്‍റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിഐജി ജെ ജയനാഥിന്‍റെ മേല്‍നോട്ടത്തില്‍ എസ്.പി എം ജെ സോജന്‍, ഡിവൈഎസ്പി വി.റോയ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ സൈജു കെ പോള്‍, ഡിറ്റക്റ്റീവ് സബ് ഇന്‍സ്പെക്ടര്‍മാരായ ടി ഡി മനോജ്കുമാര്‍, ജിജോമോന്‍ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ യു സൗരഭ്, കൊച്ചി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി അജിത്, ആര്‍ അരുണ്‍ എന്നിവരാണ് റാഞ്ചിയില്‍ നിന്ന് പ്രതികളെ പിടികൂടിയത്.

Story Highlights: Four North Indians arrested for defrauding housewife of Rs 1.12 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top