കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി ആർ അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ സഹകരണ ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് എന്നിവരെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതികൾ ഇന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിക്കും. (karuvannur bank investigation update)
ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് തൃശ്ശൂരിലെ വീട്ടിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുത്തത്. ജിൽസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം നൽകിയതെന്നും കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഇത് കിട്ടിയതെന്നും ഇഡി പറയുന്നു. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണെന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Read Also: കരുവന്നൂർ കേസിലെ അരവിന്ദാക്ഷന്റെ അറസ്റ്റ്: പ്രതിഷേധമറിയിച്ച് സിപിഐഎം
അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌ത ഇ.ഡിയുടെ നടപടിയിൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചിരുന്നു. കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത്. അതിന് ബദലുയർത്തുന്നവിധം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയെന്നത് കേന്ദ്ര സർക്കാരിന്റെ നയമാണ്. അതിന്റെ ഭാഗമായാണ് സഹകരണ പ്രസ്ഥാനത്തേയും, അതിനെ വളർത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തേയും തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടൽ.
ഇപ്പോൾ അറസ്റ്റ് ചെയ്‌തിട്ടുള്ള അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും, മർദ്ദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇ.ഡിയുടെ ഭാഗത്ത് നിന്നുണ്ടായി. അത് തുറന്നുകാട്ടിയ അരവിന്ദാക്ഷനെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവരുടെ പരാതി പോലീസിന്റെ മുമ്പിൽ നിൽക്കുകയാണ്. ഈ ഘട്ടത്തിലാണ് അറസ്റ്റുണ്ടായത് എന്നത് ഇതിന്റെ പിന്നിലുള്ള താൽപര്യം വ്യക്തമാക്കുന്നതാണ്.
സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ് പാർടിയും, സംസ്ഥാന സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സഹകരണ പ്രസ്ഥാനത്തേയും, അതിനെ ശക്തിപ്പെടുത്താൻ നിലകൊള്ളുകയും ചെയ്യുന്ന ഇടതുപക്ഷത്തേയും ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇത്തരം നീക്കങ്ങളെ രാഷ്‌ട്രീയമായും, നിയമപരമായും നേരിട്ട് മുന്നോട്ടുപോകും. നാടിന്റെ ജനാധിപത്യ അന്തരീക്ഷത്തേയും, സഹകരണ പ്രസ്ഥാനത്തേയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു.
Story Highlights: karuvannur bank fraud investigation update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here