ജാമ്യം അനുവദിച്ചുള്ള മെയിൽ തുറക്കാനായില്ല, 3 വർഷം കൂടി ജയിലിൽ കിടന്ന് യുവാവ്; സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ജാമ്യം ലഭിച്ചിട്ടും മൂന്ന് വർഷം കൂടി ജയിലിൽ കഴിയേണ്ടി വന്ന തടവുകാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ്. പതിനാല് ദിവസത്തിനകം ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കണമെന്നാണ് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോർട്ട് ചെയ്യുന്നു.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഇരുപത്തിയേഴുകാരൻ ചന്ദൻജി താക്കൂറിനാണ് നഷ്ടപരിഹാരം ലഭിക്കുക. 2020 സെപ്തംബർ 29-ന് ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതി രജിസ്‌ട്രി മെയിലിലൂടെ ഉത്തരവ് ജയിൽ അധികൃതർക്ക് അയച്ചു നൽകി. മെയിൽ ലഭിച്ചെങ്കിലും ഉത്തരവിലെ അറ്റാച്ച്മെന്റ് തുറക്കാൻ അധികൃതർക്കായില്ല. ഇതാണ് ചന്ദൻജി താക്കൂറിന് ജാമ്യം നൽകാൻ അധികൃതർ തയ്യാറാകാത്തത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് ജയിൽ അധികൃതർ കോടതിയെ അറിയിച്ചു. തടവുകാരന് ആസ്വദിക്കാൻ കഴിയുമായിരുന്ന സ്വാതന്ത്ര്യം ചിലരുടെ നടപടികൾ മൂലം നഷ്ടമായി. ഇപ്പോഴത്തെ ഈ സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. പ്രതി പുതിയ ജാമ്യഹർജി നൽകിയതോടെയാണ് സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിഷയത്തിൽ ഇടപെട്ട് പ്രതിക്ക് നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.
Story Highlights: Man Stays In Jail For 3 More Years As Authorities Fail To Open Bail Email
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here