Advertisement

ലെനിൻ രാജിന് 50,000 രൂപ നൽകി; ബാസിത്തിന്റെ നിർണ്ണായക മൊഴി

October 1, 2023
1 minute Read

നിയമന കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തിൽ അന്വേഷണ സംഘം. തട്ടിപ്പിൽ ബാസിതിനും പങ്കുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബാസിതിന്റ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു.

ഹരിദാസിൻ്റ മരുമകൾ ജോലിക്ക് അപേക്ഷിച്ചത് അഖിൽ സജീവിനെ അറിയിച്ചത് താൻ ആണെന്നും ലെനിൻ രാജിനോട് ഇക്കാര്യം പറഞ്ഞെന്നുമാണ് ബാസിത്ത് മൊഴി നൽകിയിരിക്കുന്നത് . ലെനിൻ രാജാണ് അഖിൽ സജീവനെ അറിയിച്ചത്, ലെനിൻ രാജിനും 50,000 രൂപ നൽകിയിരുന്നുവെന്നും ബാസിത്ത് മൊഴിയിൽ പറയുന്നു.

ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇന്ന് വീണ്ടും ഹരിദാസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ഏപ്രില്‍ പത്തിന് ഉച്ചകഴിഞ്ഞ് ബാസിത്തും ഹരിദാസും സെക്രട്ടറിയേറ്റിന് സമീപമെത്തിയിരുന്നു. ഇരുവരും സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. പണം ആര്‍ക്കെങ്കിലും കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഇല്ല.

പരാതിക്കാരന്‍ ആദ്യം മുതലേ ആരോപിച്ചതും മാധ്യമങ്ങളോട് പറഞ്ഞതും ഏപ്രില്‍ പത്തിന് സെക്രട്ടറിയേറ്റിന് സമീപമെത്തി ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു. ഇന്നലെ പൊലീസ് മൊഴി പരിശോധിച്ചപ്പോഴാണ് ഹരിദാസന്റെ മൊഴിയില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചത്. ഏപ്രില്‍ 10ന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു പത്തനംതിട്ടയിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച ടവര്‍ ലൊക്കേഷന്‍. 10നും പതിനൊന്നിനും പരാതിക്കാരന്‍ ഹരിദാസന്‍ തിരുവനന്തപുരത്തുണ്ടെന്ന ലൊക്കേഷന്‍ വിവരവും പൊലീസ് ശേഖരിച്ചു.

ഹരിദാസനും അഖില്‍ മാത്യുവും ഒരു തവണ പോലും ഫോണില്‍ സംസാരിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് ആദ്യം ആള്‍മാറാട്ടം സംശയിച്ചത്. പിന്നാലെ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഈ പരിശോധയിലാണ് നിര്‍ണായക വിവരങ്ങള്‍. ഏപ്രില്‍ 10ന് ബാസിത്തും ഹരിദാസും സെക്രട്ടറിയേറ്റിലെത്തിയെന്നും ആര്‍ക്കും പണം കൈമാറിയിട്ടില്ലെന്നും ഇരുവരും അല്‍പസമയത്തിനകം മടങ്ങിയെന്നും ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് വ്യക്തമായി.

Story Highlights: Basith statement on  bribery controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top