‘കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും’; സിപിഐഎമ്മിന് മറുപടിയുമായി സിപിഐ

മൂന്നാറിലെ കയ്യേറ്റ ശ്രമം ദൗത്യസംഘം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന സിപിഐഎം നിലപാടിനെതിരെ സിപിഐ. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നുവെന്നാണ് സിപിഐ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രതികരണം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ ഏക്കറുകണക്കിന് ഭൂമി മാഫിയയുടെ കൈകളിലാണെന്നും കെ കെ ശിവരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.(CPI responds to CPIM in Munnar land issue)
‘ജില്ലയിലെ കയ്യേറ്റ മാഫിയയെ തളക്കണം. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും , ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം . ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ് ? തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോ ! കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാന്‍ കൊറേ സമയം എടുക്കുമല്ലോ. ചിന്നക്കനാല്‍ പഞ്ചായത്തില്‍ 100 കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് കൃഷി നടത്തുന്നവര്‍ കുടിയേറ്റക്കാരാകുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല . ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 1000 കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങള്‍ തുണ്ട് തുണ്ടായി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് തടയിടാന്‍ കഴിയുന്നില്ല .
1000 കണക്കിന് ഭൂരഹിത കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് കയ്യേറ്റക്കാരെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി ഒക്കെ പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും, തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം.തുണ്ട് തുണ്ടായി വില്‍കപ്പെട്ട തോട്ട ഭൂമി എല്ലാം സര്‍ക്കാര്‍ വീണ്ടെടുത്ത് ഭൂ രഹിതര്‍ക്ക് വിതരണം ചെയ്യണം’. കെ കെ ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Story Highlights: CPI responds to CPIM in Munnar land issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here