ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാള്‍ക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോള്‍; അനുവാദം നല്‍കി ഹൈക്കോടതി
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാള്‍ക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോള്‍ അനുവദിച്ച് ഹൈക്കോടതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി തടവില്‍ കഴിയുകയാണ് ഇയാള്‍. ഭര്‍ത്താവിന് ചികിത്സയ്ക്ക് വിധേയനാകാന്‍ പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. (Kerala HC allows leave to life convict to undergo IVF treatment)
സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ കുട്ടി വേണമെന്നാണ് ആവശ്യം. മറ്റേതൊരു പൗരനെയും പോലെ മാന്യമായ ജീവിതം നയിക്കാനുള്ള എല്ലാ അവകാശവും ഇയാള്‍ക്കുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് വിധി.
ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിച്ച തീയതി മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിയ്ക്ക് ഐവിഎഫ് ചികിത്സയ്ക്ക് വിധേയനാകാന്‍ അവധി അനുവദിക്കണമെന്ന് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉത്തരവ് എല്ലാ കേസുകളിലും ഒരു മാതൃകയായി കണക്കാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ കേസും അതിന്റെ മെറിറ്റ് അനുസരിച്ചാണ് പരിഗണിക്കേണ്ടതെന്നും ആവശ്യത്തിലെ സത്യസന്ധതയും പ്രധാന്യവും കണക്കിലെടുത്താണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. അധ്യാപികയായി ജോലി ചെയ്യുന്ന 31 വയസുകാരിയാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
Story Highlights: Kerala HC allows leave to life convict to undergo IVF treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here