Advertisement

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം

October 9, 2023
2 minutes Read
Criticism at CPIM Kollam district committee on Pinarayi vijayan's family controversies

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണമുണ്ടാക്കിയെന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ചില പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദിനേശന്‍ പുത്തലത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ പാര്‍ട്ടിക്കു ക്ഷീണം ഉണ്ടാക്കിയെന്ന വിമര്‍ശനം ഉണ്ടായത്. ഇക്കാര്യത്തില്‍ നേരത്തേ ജാഗ്രത പുലര്‍ത്തിയില്ലെന്നും വിലയിരുത്തല്‍ ഉണ്ടായി. എന്നാല്‍ മാസപ്പടി എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് യോഗത്തില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ഭരിക്കുന്ന അഭ്യന്തരവകുപ്പിനു പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വകുപ്പ് പൂര്‍ണ്ണ പരാജയമാണ്. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി തടയാന്‍ നടപടിയില്ല. അത് അനുവദിച്ചുകൂടാ.. ഹൈടെക് പദ്ധതികള്‍ മാത്രം പോരെ സര്‍ക്കാരിന് ജനകീയ മുഖം ഉണ്ടാകാനെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമല്ല, രണ്ടാം ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്. നല്ല കാര്യം ചെയ്യുന്നുണ്ടെങ്കിലും അതു ജനങ്ങളിലെത്തുന്നില്ല. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെ പരമ്പരാഗത മേഖലകളെക്കൂടി സര്‍ക്കാര്‍ പരിഗണിക്കണം. ചില നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍ എല്ലാ നേട്ടങ്ങള്‍ക്കിടയിലും പാര്‍ട്ടിയ്ക്ക് അവമതിപ്പ് സൃഷ്ടിക്കുന്നു. കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവതരമായി ആലോചിക്കണം.
കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ അവസരം നല്‍കിയത് സര്‍ക്കാറും പാര്‍ട്ടിയുമാണ്. ഇ ഡി ഇടപെടല്‍ ഉണ്ടാകുന്നതിന് മുമ്പ് വിഷയത്തില്‍ ഇടപെടുന്നതിന്‍ പാര്‍ട്ടിയും സര്‍ക്കാരും പരാജയപ്പെട്ടുവെന്നും അഭിപ്രായം ഉണ്ടായി.

Read Also: സംസ്ഥാന ആർജെഡി പിളർന്നു; നാഷണൽ ജനതാദളിനെ പുനരുജ്ജീവിപ്പിക്കും, യുഡിഎഫിൽ തുടരാനും തീരുമാനം

സര്‍ക്കാര്‍നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്നും അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. ഒരു കുടുംബത്തിലെ 2 പേര്‍ സര്‍ക്കാര്‍ ജീവനക്കാരായാല്‍ അവര്‍ക്കു രണ്ടു പേര്‍ക്കും പെന്‍ഷന്‍ നല്‍കുമ്പോള്‍ ഡിഎ വര്‍ധന പോലുള്ള ആനുകൂല്യങ്ങളെങ്കിലും വെട്ടിക്കുറയ്ക്കണമെന്നും ആവശ്യമുയര്‍ന്നു. തുക കൂടുതല്‍ പാവപ്പെട്ടവര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ നിയോഗിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നയം വേണമെന്നും ആവശ്യമുയര്‍ന്നു
ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച ഇന്ത്യ മുന്നണി’യില്‍ സിപിഎം ചേരേണ്ടതായിരുന്നു. ചേരേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കണം. അല്ലാതെ ബിജെപിയെ നേരിടാനാവില്ലെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

Story Highlights: Criticism at CPIM Kollam district committee on Pinarayi vijayan’s family controversies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top