Advertisement

കരിയറിൻ്റെ ദശാസന്ധിയിൽ ഒരുപിടി താരങ്ങൾ; വിരമിക്കുന്നവരും തിരിച്ചടി നേരിട്ടവരും അഭിമാനതാരങ്ങൾ തന്നെ

October 11, 2023
1 minute Read

“ഇനിയൊരു ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായെന്നു വരില്ല. അതു കൊണ്ട് അത്ലറ്റിക് വില്ലേജിൽ എല്ലാവരുമായി സൗഹൃദം പങ്കുവച്ച് ആഘോഷമാക്കുകയാണു ഞാൻ” ടെന്നിസ് മിക്സ്ഡ് ഡബിൾസിൽ രുതുജ ബോസലെയുമൊത്ത് സ്വർണം നേടിയ രോഹൻ ബോപ്പണ്ണയുടെ വാക്കുകൾ ആണിത്. ജക്കാർത്തയിൽ ഡബിൾസിൽ സ്വർണം നേടിയ ബോപ്പണ്ണയ്ക്ക് ഹാങ് ചോയിലെ ഫൈനൽ വിടവാങ്ങൽ മൽസരമായി. നാല്പതുകളുടെ ആദ്യ പകുതിയിലാണ് ബോപ്പണ്ണ.

ബാഡ്മിൻ്റനിൽ കെ. ശ്രീകാന്തിന് ഇനിയൊരു ഏഷ്യൻ ഗെയിംസ് ബുദ്ധിമുട്ടായേക്കും. ടീം ഇനത്തിൽ വെള്ളി നേട്ടവുമായി ശ്രീകാന്തിനും പിൻ ആലോചിച്ചു തുടങ്ങാം. കോർട്ടിൽ ശ്രീകാന്തിനു ചടുലത നഷ്ടപ്പെട്ടു തുടങ്ങിയോയെന്ന് സംശയിച്ചുപോയി. സ്ക്വാഷിൽ ജോഷ്ന ചിന്നപ്പ പറഞ്ഞത് ശരീരം വഴങ്ങിയാൽ അടുത്ത ഏഷ്യാഡിനും കാണുമെന്നാണ്. മുപ്പത്തേഴുകാരിയായ ജോഷ്ന എത്രയോ വർഷമായി ഇന്ത്യൻ സ്ക്വാഷിൻ്റെ മുഖചിത്രമാണ്. അടുത്ത ഏഷ്യാഡ് മൂന്നു വർഷം മാത്രം അകലെ എന്നത് ജോഷ്നയ്ക്കു പ്രതീക്ഷ നൽകുന്നു. സ്ക്വാഷ് പുരുഷ വിഭാഗം സിംഗിൾസിൽ വെള്ളിയും ടീമിൽ സ്വർണവും നേടിയ സൗരവ് ഘോഷൽ തുടരാനാണു സാധ്യത. സ്ക്വാഷിൽ പാക്കിസ്ഥാൻ്റെ ആധിപത്യം തകർക്കാൻ ഇന്ത്യക്കു കഴിഞ്ഞപ്പോൾ ഏറെക്കാലമായി ഇന്ത്യയുടെ ഒന്നാം നിര താരമായ സൗരവിന് ധന്യ മുഹൂർത്തം.

ട്രാക്ക് ആൻഡ് ഫീൽഡിൽ ആരും വിടവാങ്ങൽ പരസ്യപ്പെടുത്തിയിട്ടില്ല. ഷോട്ട്പുട്ട് സ്വർണം നിലനിർത്തിയ തെജീന്ദർപാൽ സിങ് ടൂറിന് ബഹദൂർ സിങ്ങിൻ്റെ പാത തുടർന്നാൽ ഇനിയും മൂന്നു ഗെയിംസ് കൂടിയാകാം. ഹെപ്റ്റത്ലൻ താരം സ്വപ്ന ബർമൻ നാലാം സ്ഥാനത്തെത്തിയതിനു പിന്നാലെ മെഡൽ നേടിയ ഇന്ത്യക്കാരിക്കെതിരെ ഉയർത്തിയ ആരോപണം വിമർശനം ക്ഷണിച്ചു വരുത്തി. ജക്കാർത്തയിൽ സ്വർണം നേടിയിരുന്ന സപ്ന ഇനി എന്തു തീരുമാനിക്കുമെന്നറിയില്ല.

ടേബിൾ ടെന്നിസിൽ അചിന്ത ശരത്കമൽ പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാരനാണ്. പക്ഷേ, നടന്നു റോഡിൻ്റെ അവസാന ഭാഗത്ത് എത്തിയോയെന്ന ആശങ്ക ഉയരുന്നു.

ഒരു കാലഘട്ടം മുഴുവൻ അതത് സ്പോർട്സിൽ ഇന്ത്യയുടെ മുന്നണിപ്പോരാളികൾ ആയിരുന്ന ഇവർ വിരമിക്കുമ്പോൾ ടെന്നിസിൽ മാത്രമാണ് ഇനിയാര്? എന്ന ചിന്ത ശക്തമാകുന്നത്. മറ്റ് ഇനങ്ങളിൽ എല്ലാം തന്നെ പുതിയൊരു താരനിര ഉയർന്നു വരുന്നുണ്ട്.

പുത്തൻ താരോദയങ്ങൾ ഏറെക്കണ്ട ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ചില സൂപ്പർ താരങ്ങൾക്ക് സുവർണ നേട്ടം സാധ്യമായില്ല. ബോക്സിങ്ങിൽ, രണ്ടു തവണ ലോക ചാംപ്യൻ ആയ നിഖാത് ശരിൻ, ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ലൗലീനാ ബോർഗോ ഹെയ്ൻ, ഭാരോദ്വഹനത്തിൽ ഒളിംപിക് വെള്ളി മെഡൽ ജേത്രി മീരാ ബായ് ചാനു, ബാഡ്മിൻ്റനിൽ ജക്കാർത്തയിൽ വെള്ളി നേടിയ പി.വി. സിന്ധു തുടങ്ങിയവർക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല. ഗുസ്തിയിൽ ഒളിംപിക് വെങ്കലം നേടിയ ബജ്റങ് പൂനിയ തിളങ്ങാതെ പോയതിൽ സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങൾക്കു പിന്തുണ നൽകിയതുവഴി നേരിട്ട സമ്മർദവും കാരണമാണ്.

ടീം ഇനത്തിൽ ഹോക്കി താരം ശ്രീജേഷും ഫുട്ബോൾ നായകൻ സുനിൽ ഛേത്രിയുമൊക്കെ ഏതാനും വർഷം കൂടി തുടർന്നേക്കും. പ്രായവും ഫോമും എല്ലാം എണ്ണപ്പെടും. തോൽവിയും വിജയവും കളിയുടെ ഭാഗമാണ്. പുത്തൻ താരങ്ങൾ വരട്ടെ.

Story Highlights: indian athletes retiring asian games

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top