കുറിയ്ക്കുകൊള്ളുന്ന ക്യാപ്റ്റൻസി, അഫ്ഗാനെ തകർത്തെറിഞ്ഞ ബാറ്റിംഗ്; അഹ്മദാബാദിലെ ഹിറ്റ്മാൻ സൂപ്പർ ഹിറ്റ്

അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ, ഒരു ലക്ഷത്തിലധികം വരുന്ന ആൾക്കൂട്ടത്തിനു നടുവിലേക്ക് ടോസിനു വരുമ്പോൾ രോഹിത് ശർമയുടെ മനസിലെന്താവാം. കരിയറിലെ ഏറ്റവും സുപ്രധാനമായൊരു മത്സരത്തിൻ്റെ സമ്മർദ്ദം ഒരു ക്യാപ്റ്റനെന്ന നിലയിൽ അയാളെ എത്ര മാത്രം ബാധിച്ചിട്ടുണ്ടാവണം. കളി മാത്രമല്ല, കളിയിലുള്ള രാഷ്ട്രീയവും ദേശവികാരവുമൊക്കെ അയാൾക്ക് വലിയ സമ്മർദ്ദം നൽകിയിരുന്നിരിക്കണം. (rohit sharma captaincy pakistan)
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നതാണ് പിന്നീട് കണ്ടത്. ആ ചോദ്യം ചെയ്യലുകൾ ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു പാകിസ്താൻ്റെ ബാറ്റിംഗ്. ബുംറ പതിവുപോലെ ടൈറ്റ് ലൈനിൽ പന്തെറിഞ്ഞെങ്കിലും അഹ്മദാബാദ് പോലെ ഒരു പിച്ചിൽ സിറാജിൻ്റെ ലെംഗ്ത് പാളി. എങ്കിലും സിറാജ് തന്നെ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകുന്നു. ക്യാപ്റ്റനുമായുള്ള ചർച്ചയ്ക്ക് ശേഷം ലെംഗ്ത് മാറ്റിയപ്പോഴാണ് വിക്കറ്റ് കിട്ടിയതെന്ന് സിറാജിൻ്റെ ഭാഷ്യം.
ഇമാമും ബാബറും അറ്റാക്കിംഗ് മാർഗം സ്വീകരിച്ച് മുന്നോട്ടുപോകവെ അടുത്ത വിക്കറ്റ്. പിന്നീട് കാണുന്നത് പാകിസ്താൻ ടീമിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ ഒന്നിക്കുന്നതാണ്. ഇന്ത്യൻ ബൗളർമാരെ ഫലപ്രദമായി നേരിടുന്ന ബാബറും റിസ്വനും 300നു മുകളിലുള്ള സ്കോറാണ് ലക്ഷ്യം വെച്ചിരുന്നത്. ബാറ്റിംഗെടുത്താൽ മതിയായിരുന്നു എന്ന അടക്കം പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വലിയ ശബ്ദത്തോടെ മുഴങ്ങുന്നു. കളി കൈവിട്ടുപോകുന്നു എന്ന തോന്നലിനിടെ രോഹിത് സിറാജിനെ തിരികെവിളിക്കുന്നു. ഫിഫ്റ്റിയടിച്ച് നിൽക്കുന്ന ബാബർ സിറാജിൻ്റെ പന്തിൽ ബൗൾഡ്. ഈ സമയത്തൊക്കെ കുൽദീപ് ഒരു എൻഡിൽ നിന്ന് ടൈറ്റ് ലൈനിൽ എറിഞ്ഞുകൊണ്ടിരിക്കുകയാണ്. സൗദ് ഷക്കീലിനെയും ഇഫ്തിക്കർ അഹ്മദിനെയും ഒരു ഓവറിൽ പുറത്താക്കുന്ന കുൽദീപ് ക്യാപ്റ്റൻ്റെ ഈ തീരുമാനത്തെ മാനിക്കുന്നുണ്ട്. സൗദ് ഷക്കീലിൻ്റെ വിക്കറ്റിന് പിന്നിൽ രോഹിതിൻ്റെ റിവ്യൂ എടുത്തുപറയണം. തുടരെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ബാക്ക് ഫൂട്ടിലായ പാകിസ്താനെ പിന്നീട് കാത്തിരുന്നത് ജസ്പ്രീത് ബുംറയാണ്. ക്യാപ്റ്റൻ രോഹിതിൻ്റെ മറ്റൊരു ക്ലിനിക്കൽ ബൗളിംഗ് ചേഞ്ച്. റിസ്വാനെയും ഷദാബിനെയും രണ്ട് ഓവറിൽ രണ്ട് അവിശ്വസനീയ പന്തുകളിൽ മടക്കി അയച്ചാണ് രോഹിതിൻ്റെ വിളിയ്ക്ക് ബുംറ ഉത്തരം നൽകുന്നത്. വാലറ്റത്തെ ജഡേജ ചുരുട്ടിക്കൂട്ടുന്നു.
വെറും 192 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. സാവധാനം ബാറ്റ് ചെയ്താൽ പോലും അനായാസം ലക്ഷ്യത്തിലെത്താം. പക്ഷേ, രോഹിത് ശർമ കംഫർട്ട് സോണിൻ്റെ കൂടിനുള്ളിൽ സമാധാനം കണ്ടെത്തുന്ന ബാറ്ററല്ല. ആദ്യ പന്ത് തന്നെ ഒരു ഒരു സ്റ്റൈലിഷ് ഫ്ലിക്കിലൂടെ ബൗണ്ടറി കടത്തിയാണ് രോഹിത് തൻ്റെ ഇന്നിംഗ്സ് ആരംഭിക്കുന്നത്. ഗിൽ മടങ്ങിയെങ്കിലും തൻ്റെ അസാമാന്യ സ്ട്രോക്ക് പ്ലേ കൊണ്ട് രോഹിത് പാക് ബൗളിംഗ് അറ്റാക്കിനെ നിർവീര്യമാക്കുന്നു. ഷഹീൻ്റെ ഒരു ഷോർട്ട് ബോൾ സ്ക്വയർ ലെഗിലേക്ക് പറക്കുന്നു. ഷഹീൻ ഷായും ഹസൻ അലിയും അടികൊണ്ട് വലയുമ്പോൾ നവാസും ഹാരിസ് റൗഫും എത്തുകയാണ്. രണ്ട് പേരെയും സിക്സറിലൂടെയാണ് രോഹിത് വരവേൽക്കുന്നത്. റൗഫിനെ കവറിനു മുകളിലൂടെ കോരിവിടുമ്പോൾ രോഹിത് സോണിലാണെന്ന് കൃത്യമായി മനസിലാവുകയായിരുന്നു. ഇനി ബൗളർമാർക്ക് ഒന്നും ചെയ്യാനില്ല. നിന്ന് അടികൊണ്ടാൽ മതി.
വൈകാതെ കോലി മടങ്ങുന്നു. രോഹിതിന് കുലുക്കമില്ല. പന്ത് ബുള്ളറ്റ് വേഗത്തിൽ അതിർത്തി കടക്കുന്നു. ഇതിനിടെ ഹാരിസ് റൗഫ് ശ്രേയാസ് അയ്യരെ ഷോർട്ട് ബോളുകൾ കൊണ്ട് പരീക്ഷിക്കുന്നുണ്ട്. വാട്സണെതിരെ വഹാബ് റിയാസ് തൊടുത്ത അഗ്നിശരങ്ങളുടെ ഒരേട്. ശ്രേയാസ് വളരെ ബുദ്ധിമുട്ടിയാണ് ആ ഓവറിൽ നിന്ന് രക്ഷപ്പെടുന്നത്. പിന്നീട് രോഹിതിനെതിരെയും ഹാരിസ് ഇത് പരീക്ഷിക്കുന്നുണ്ട്. അതിന്റെ ഫലം 8 നിര ദൂരേക്ക് ഡീപ് സ്ക്വയർ ലെഗിലൂടെ പന്ത് പറക്കുന്നതായിരുന്നു. ശ്രേയാസ് അല്ല, രോഹിത്. അയാൾക്ക് പുൾ ഷോട്ടെന്നാൽ പൂ പറിക്കുമ്പോലെ ഈസിയാണ്. ബൗളിംഗ് ചേഞ്ചിലെത്തിയ ഷദാബ് ഖാനുമറിഞ്ഞു രോഹിതിൻ്റെ ഷോട്ട് റേഞ്ച്. ഷദാബിനെതിരെ രോഹിത് കളിച്ച ലാപ് ഷോട്ട് ഈ ഷോട്ട് റേഞ്ചിനുദാഹരണമായിരുന്നു.
നൂറടിക്കാതെ പുറത്തായെങ്കിലും ചേസിങ് ഇത്ര അനായാസമാക്കിയത് രോഹിത് തന്നെയാണ്. രോഹിതിന്റെ വിക്കറ്റിനു ശേഷം ഇന്ത്യയുടെ റൺ റേറ്റ് കുറഞ്ഞു. 63 പന്തിൽ 86 റൺസ് നേടിയ രോഹിത് അല്ലാതെ ഇന്ത്യൻ ഇന്നിംഗ്സിൽ 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് സൂക്ഷിച്ച ഒരേയൊരാൾ 11 പന്തിൽ 16 റൺസ് നേടിയ ശുഭ്മൻ ഗിൽ ആയിരുന്നു. രോഹിതിൻ്റെ ഈ വിസ്ഫോടനാത്മക ഇന്നിംഗ്സ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തില്ലായിരുന്നു. രണ്ടാമതുള്ള ന്യൂസീലൻഡിനും 6 പോയിൻ്റുണ്ടെങ്കിലും ഇന്ത്യ നെറ്റ് റൺ റേറ്റിൻ്റെ കരുത്തിലാണ് ഒന്നാമത് തുടരുന്നത്. ഇങ്ങനെയൊരു നീണ്ട ടൂർണമെൻ്റിൽ നെറ്റ് റൺ റേറ്റിന് വളരെ പ്രാധാന്യമുണ്ടെന്നത് ഇതിനോട് ചേർത്തുവായിക്കണം.
വിരാട് കോലിക്കൊപ്പം പരിഗണിക്കപ്പെടേണ്ട വൈറ്റ് ബോൾ, പ്രത്യേകിച്ച് ഏകദിന ക്രിക്കറ്ററാണ് രോഹിത്. ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി, റൺസ്. ലോക്കത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാൾ. 49നു മുകളിൽ ശരാശരിയും 90നു മുകളിൽ സ്ട്രൈക്ക് റേറ്റും. പക്ഷേ, രോഹിതിനെ ബോഡി ഷെയിം ചെയ്യാനാണ് ആളുകൾക്കിഷ്ടം. വടപാവ് വിളിയൊന്നും പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. ഓസ്ട്രേലിയക്കെതിരെ ഒരു പരാജയമുണ്ടായപ്പോൾ സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾ അസഹനീയമായിരുന്നു. ഏകദിനത്തിൽ രോഹിതിന്റെ റെക്കോർഡ്സിനു നേർക്ക് കണ്ണടയ്ക്കാനാവില്ല. എന്നാൽ, ആളുകൾ അത് അവഗണിച്ചു. അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറിയടിച്ചപ്പോൾ കുഞ്ഞൻ ടീം മർദ്ദകൻ എന്ന് സോഷ്യൽ മീഡിയ കളിയാക്കി. പൊതുവിടങ്ങളിൽ കണക്കുകളുണ്ടെങ്കിലും ആളുകൾക്ക് രോഹിത് ശർമയെ ബുള്ളി ചെയ്യാനായിരുന്നു താത്പര്യം. പാകിസ്താനെതിരായ ഈ കളിയ്ക്ക് ശേഷം ബുള്ളിയിങ് ഇല്ല. ഇനിയൊരു കളിയിൽ പരാജയപ്പെട്ടാൽ വീണ്ടും തുടങ്ങും.
രോഹിത് എന്ന ക്യാപ്റ്റനെപ്പറ്റിയും ബുള്ളീസിനു നല്ല അഭിപ്രായമല്ല. പാകിസ്താനെതിരെ അയാളുടെ കൃത്യമായ ബൗളിംഗ് ചേഞ്ചുകളും ഫീൽഡ് പ്ലേസ്മെന്റുകളും കണ്ടെങ്കിലും അവരത് അവഗണിച്ചു. രോഹിത് എന്ന ക്യാപ്റ്റൻ എത്ര മോശക്കാരനാണെങ്കിലും കുൽദീപ് യാദവിന്റെ രണ്ടാം വരവിൽ അയാളെടുത്ത എഫർട്ട് കൊണ്ട് മാത്രം ഇന്ത്യൻ ക്രിക്കറ്റ് അയാളോട് കടപ്പെട്ടിരിക്കും.
Story Highlights: rohit sharma ahmedabad captaincy pakistan cricket world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here