ഉറങ്ങാൻ അനുവദിക്കുന്നില്ല; രണ്ട് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സോഫയ്ക്കടിയിൽ ഒളിപ്പിച്ച് യുവതി

ഉറങ്ങാൻ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സോഫയ്ക്കടിയിൽ ഒളിപ്പിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് രണ്ട് വയസുകാരിയെ അമ്മായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹനുമന്തൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജീവ് നഗർ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. സക്കിൽ മൻസൂരി എന്നയാളുടെ 2 വയസ്സുള്ള മകളെ ഉച്ചയോടെ കാണാതായി. മകൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പിതാവ് പൊലീസിനെ സമീപിച്ചു. പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് വീട്ടിൽ പരിശോധന നടത്താൻ തീരുമാനിച്ചു. പരിശോധനയിൽ ഡ്രോയിംഗ് റൂമിലെ സോഫയ്ക്കടിയിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിശദമായ അന്വേഷണത്തിന് ശേഷം പെൺകുട്ടിയുടെ അമ്മായി അഫ്സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രിയങ്ക ശുക്ല പറഞ്ഞു. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് പെൺകുട്ടി തന്റെ മുറിയിൽ വന്നിരുന്നുവെന്ന് അഫ്സാന മൊഴി നൽകി. കുട്ടിയോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും അടിക്കുകയും ചെയ്തു. ഇതോടെ കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ മൂക്കും വായും കൈ കൊണ്ട് പൊത്തിപ്പിടിച്ചു. ഇതിനിടെ കുട്ടി ശ്വാസം മുട്ടി മരിച്ചു. ഭയം മൂലം മൃതദേഹം സോഫയ്ക്കടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും പ്രതി.
Story Highlights: Woman Strangles Two Year Old Niece For Not Allowing Her To Sleep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here