കൊച്ചി മെട്രോ, ഏകജാലക പ്രവേശനം, ക്ഷേമ പെൻഷൻ ഉയർത്തൽ…വി.എസ് എന്ന വാഗ്ദാനങ്ങൾ പാലിച്ച മുഖ്യമന്ത്രി

പാർട്ടിക്കുള്ളിൽ എന്ന പോലെ മുഖ്യമന്ത്രിയായിരുന്നപ്പോഴും പോരാട്ടമായിരുന്നു വി.എസ്.അച്ചുതാനന്ദന്റെ മുഖമുദ്ര. വാഗ്ദാനങ്ങൾ പാലിച്ച മുഖ്യമന്ത്രിയായിട്ടാണ് വി.എസ് അറിയപ്പെടുന്നത്. മൂന്നാർ ദൗത്യം എന്ന നീക്കത്തിലൂടെ വൻകിട കൈയേറ്റക്കാരെ വിറപ്പിച്ചു. സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിരവധി ക്ഷേമപദ്ധതികളാണ് വി.എസ് സർക്കാർ നടപ്പാക്കിയത്. ( vs achuthanandan the Chief Minister who kept his promises )
വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും പാർട്ടി ജയിക്കുമ്പോൾ വി.എസ്. തോൽക്കുകയുമെന്ന പതിവ് അവസാനിച്ചത് 2006ലാണ്. 2006 മേയ് 18ന് വി.എസ്.അച്ചുതാനന്ദൻ 82-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കർക്കശക്കാരനായ പാർട്ടി നേതാവ് മുഖ്യമന്ത്രിയായപ്പോഴും നിലപാടുകളിൽ മാറ്റമുണ്ടായില്ല.
മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുപൊളിക്കാൻ കറുത്തപൂച്ചകളും ജെസിബിയും ഇറങ്ങിയപ്പോൾ നെറ്റിചുളിച്ചവരിലും വിമർശനം ഉന്നയിച്ചവരിലും എല്ലാ പാർട്ടിക്കാരുമുണ്ടായിരുന്നു. 92 അനധികൃത കെട്ടിടങ്ങളാണ് സർക്കാർ ഏറ്റെടുത്തത്. വാഗ്ദാനങ്ങൾ പാലിച്ച മുഖ്യമന്ത്രിയായിട്ടാണ് വി.എസ് അറിയപ്പെടുന്നത്. ക്ഷേമ പെൻഷനുകൾ 110 രൂപയിൽ നിന്നും 400 രൂപയാക്കി ഉയർത്തിയും ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചും സാധാരണക്കാർക്ക് ആശ്വാസമേകി. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, ഉൾനാടൻ ജലഗതാഗതം തുടങ്ങിയവയിലും നിർണായക തീരുമാനം വി.എസ് മന്ത്രിസഭയുടേതായിരുന്നു.
പ്ലസ്വൺ പ്രവേശനത്തിന് ഏകജാലക സംവിധാനവും മലയാള മിഷന്റെ തുടക്കവും ഇക്കാലത്താണ്. കർഷകരെ സഹായിക്കാൻ നെല്ലിന്റെ സംഭരണവില ഏഴ് രൂപയിൽ നിന്നും 14 രൂപയായി ഉയർത്തി. വികസന, വ്യവസായ രംഗത്തും വനം പരിസ്ഥിതി മേഖലകളിലും ക്രിയാത്മക ഇടപെടലുകൾ നടത്താൻ വി.എസ് എന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ നവലോകം തുറന്നിട്ടും വി.എസ്.വിമർശകരുടെ വായടപ്പിച്ചു. ഖാദി ഉൽപ്പന്നങ്ങളുടെ പ്രചരണത്തിനായി സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രങ്ങൾ നിർബന്ധമാക്കി. മെർക്കിസ്റ്റൺ എസ്റ്റേറ്റ് വിവാദത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടു തന്നെ പ്രതിപക്ഷ നേതാവിനെപ്പോലെ നിലപാട് എടുത്തതും വി.എസ് എന്ന മുഖ്യമന്ത്രിയെ കൂടുതൽ ജനകീയനാക്കി.
Story Highlights: vs achuthanandan the Chief Minister who kept his promises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here