Advertisement

ദമ്മാം ഒരുങ്ങി; സാഹിത്യോത്സവ് നാളെ

October 26, 2023
2 minutes Read
Dammam Sahityotsav begins Friday

പ്രവാസി യുവതയുടെ വ്യവസ്ഥാപിത സര്‍ഗകലാമേളയായ പ്രവാസി സാഹിത്യോത്സവ് സൗദി ഈസ്റ്റ് നാഷനല്‍ മല്‍സരം നാളെ (വെള്ളി) ദമ്മാമില്‍ അരങ്ങേറും. കലാസാംസ്‌കാരിക മത്സരങ്ങള്‍ക്ക് പുറമെ സാഹിത്യോത്സവ് മുന്നോട്ട് വെക്കുന്ന പ്രമേയം അടിസ്ഥാനപ്പെടുത്തി സംവാദവും സമൂഹത്തിന്റെ വിവിധതുറകളിലുള്ളവരെ പങ്കെടുപ്പിച്ച് സാംസ്‌കാരിക സമ്മേളനവും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ സെഷനുകളിലായി നാട്ടിലെയും പ്രവാസ ലോകത്തെയും ചിന്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക-പൊതുപ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിക്കും. (Dammam Sahityotsav begins friday)

യൂനിറ്റ്, സെക്ടര്‍, സോണ്‍ തുടങ്ങി മൂന്ന് തലങ്ങളില്‍ മല്‍സരിച്ച് വിജയിച്ച പ്രതിഭകളാണ് ദമ്മാമിലെ ദേശീയ ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കുക. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രസംഗങ്ങളും, ഗാനവിഭാഗത്തില്‍ മദ്ഹ്, മപ്പിളപ്പാട്ട്, അറബിഗാനം, ഉര്‍ദുഗാനം,ഖസ്വീദ, ഖവാലി, സൂഫീഗീതം, സംഘഗാനം എന്നിവയും കൂടാതെ കഥപറയല്‍, കവിതാപാരായണം, ദഫ്മുട്ട് തുടങ്ങിവയുമാണ് പ്രധാന സ്റ്റേജ് മല്‍സരങ്ങള്‍. സ്റ്റേജിതര ഇനങ്ങളില്‍ പ്രധാനമായും ഭാഷാകേളി, പെന്‍സില്‍ഡ്രോയിങ്, ജലച്ചായം, കഥാ-കവിതാ രചനകള്‍, ഹൈക്കു, സ്‌പെല്ലിങ് ബീ, പ്രബന്ധം, സോഷ്യല്‍ ട്വീറ്റ്, കാലിഗ്രഫി, സ്‌പോട്ട് മാഗസിന്‍, മാഗസിന്‍ ഡിസൈന്‍ എന്നിവയാണ്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

16 ലോകരാജ്യങ്ങളില്‍ ശ്രേണീബന്ധിതമായി സാഹിത്യോത്സവുകള്‍ അരങ്ങേറുന്നുണ്ട്. തിരുവനന്തപുരത്ത് സമാപിച്ച കേരള സാഹിത്യോല്‍സവില്‍ രണ്ടര ലക്ഷം കുടുംബ യൂനിറ്റുകള്‍ പങ്കാളികളായിരുന്നു. മത-ലിംഗ ഭേദമന്യേ പ്രതിഭകള്‍ മല്‍സരിക്കുന്ന സാഹിത്യോത്സവ് ‘മനുഷ്യന്‍’ എന്ന പ്രമേയത്തെ ഉദ്‌ഘോഷിക്കുന്ന അരങ്ങുകൂടിയാണെന്ന് പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു. നാഷനല്‍ മല്‍സരാര്‍ഥികളല്ലാത്ത കുടുംബിനികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമായി ക്രാഫ്റ്റ് ഡിസൈനിങ്, അറബിക് കാലിഗ്രഫി, മലയാള പ്രബന്ധം തുടങ്ങിയ പൊതുമല്‍സരങ്ങളും സാഹിത്യോല്‍സവ് വേദിയില്‍ സംഘടിപ്പിക്കുന്നുണ്ട്.

കലാലയം സാംസ്‌കാരികവേദിയാണ് പരിപാടിയുടെ സംഘാടകര്‍. അഷ്റഫ് പട്ടുവം ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളം കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘത്തിനു കീഴിലാണ് പരിപാടിയുടെ വിജയത്തിനു വേണ്ടിയുള്ള മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.സാഹിത്യോത്സവ് ഉദ്ഘാടനം രാവിലെ ഏഴിന്, രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ ചെയര്‍മാന്‍ ഇബ്റാഹിം അംജദിയുടെ അധ്യക്ഷതയില്‍ ഐസിഎഫ് ഇന്റര്‍നാഷനല്‍ പബ്ലികേഷന്‍ സെക്രട്ടറി സലീം പാലച്ചിറ നിര്‍വഹിക്കും. സയ്യിദ് സ്വഫ്വാന്‍, അഷ്റഫ് പട്ടുവം, അബ്ദുല്‍ ബാരി നദ്വി, ശംസുദ്ദീന്‍ സഅദി, മുഹമ്മദ് കുഞ്ഞി അമാനി, സിദ്ദീഖ് ഇര്‍ഫാനി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ചെമ്പ്രശ്ശേരി, സിറാജ് വേങ്ങര സംബന്ധിക്കും. തുടര്‍ന്ന് പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍, ക്യാംപസ് വിഭാഗങ്ങള്‍ അഞ്ച് വേദികളിലായി 90 ഇനങ്ങളില്‍ മല്‍സരിക്കും. റിയാദ് സിറ്റി, റിയാദ് നോര്‍ത്ത്, അല്‍ ഖസീം, ഹായില്‍, അല്‍ ജൗഫ്, അല്‍ ഹസ്സ, ദമ്മാം, അല്‍ ഖോബാര്‍, ജുബൈല്‍ എന്നിങ്ങനെ ഒമ്പത് സോണുകള്‍ തമ്മിലാണ് മല്‍സരം.ഉച്ചയ്ക്ക് ശേഷം ‘യുവതയുടെ സംവേദന ക്ഷമത, രാഷ്ട്രീയ പ്രവാസത്തിന്റെ സാധ്യത’ എന്ന വിഷയത്തില്‍ സംവാദം നടക്കും. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ കെഇഎന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ഇസ്ലാമിക് പ്രബ്ലിഷിങ് ബ്യൂറോ ഡയറക്ടര്‍ മജീദ് അരിയല്ലൂര്‍, പ്രവാസി രിസാല മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടിഎ അലി അക്ബര്‍ സംബന്ധിക്കും.

വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹിം അംജദിയുടെ അധ്യക്ഷതയില്‍ കെ ഇ എന്‍ ഉദ്ഘാടനം ചെയ്യും. ടിഎ അലി അക്ബര്‍ കീനോട്ട് അവതരിപ്പിക്കും. എഴുത്തുകാരനായ ജോസഫ് അതിരുങ്കല്‍, കവി സുനില്‍ കൃഷണന്‍, മാധ്യമ പ്രവര്‍ത്തകരായ സാജിദ് ആറാട്ടുപുഴ, സുബൈര്‍ ഉദിനൂര്‍ ,ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ സുനില്‍ പീറ്റര്‍, പൊതു പ്രവര്‍ത്തകരായ നാസ്വക്കം, ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂര്‍, പ്രദീപ് കൊട്ടിയം, ആല്‍ബിന്‍ ജോസഫ്, നിസാര്‍ കാട്ടില്‍. ജാബിറലി പത്തനാപുരം, നൗഷാദ് മണ്ണാര്‍ക്കാട് എന്നിവര്‍ സംബന്ധിക്കും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവിലെ കലാപ്രതിഭ, സര്‍ഗപ്രതിഭ എന്നിവരെ പ്രഖ്യാപിക്കും. ശേഷം മല്‍സരത്തില്‍ ജേതാക്കളാകുന്ന സോണ്‍ ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും . മജീദ് അരിയല്ലൂര്‍ പ്രതിഭകളെ അഭിവാദ്യം ചെയ്യും. ഹസ്സന്‍ ഹാജി, അബ്ദുല്ല കാന്തപുരം, അന്‍വര്‍ കളറോഡ്, അഹ്‌മദ് തോട്ടട, സലീം ഓലപ്പീടിക, ഡോ.ഉസ്മാന്‍, ഡോ. മഹ്‌മൂദ് മുത്തേടം, കബീര്‍ ചേളാരി, ശഫീഖ് ജൗഹരി, ഖിദ്ര്‍ മുഹമ്മദ്, മുസ്തഫ മുക്കൂട്, മുനീര്‍ തോട്ടട, നൗഷാദ് മുയ്യം, അഷ്റഫ് ചാപ്പനങ്ങാടി എന്നിവര്‍ ആശസകള്‍ നേരും. സൗദി ഈസ്റ്റ് നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഊഫ് പാലേരി, കലാലയം, സംഘടന, മീഡിയ സെക്രട്ടറിമാരായ മുഹമ്മദ് സ്വാദിഖ് സഖാഫി, ഫൈസല്‍ വേങ്ങാട്, ആബിദ് നീലഗിരി, നൂറുദ്ദീന്‍ കുറ്റ്യാടി, അനസ് വിളയൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Story Highlights: Dammam Sahityotsav begins Friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top