കേരളത്തിലെ ഭാവി ഇന്നറിയാം; ജെഡിഎസിൻ്റെ നിർണായക യോഗം കൊച്ചിയിൽ

ജെഡിഎസിൻ്റെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബിജെപിയെ പിന്തുണയ്ക്കാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് യോഗം. മന്ത്രി കെ കൃഷ്ണൻകുട്ടി, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കൾ കൊച്ചിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കും. (jds meeting today kochi)
യോഗത്തിൽ കേരള ഘടകം എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് നിർണായകമാകും. അതേസമയം നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്. പാർട്ടി രൂപീകരണം അല്ലെങ്കിൽ ലയന സാധ്യത എന്നീ രണ്ടു വഴികളാണ് ജെഡിഎസിന് മുന്നിലുള്ളത്. ജെഡിഎസ്, എൻ ഡി എ സഖ്യത്തിൽ എതിർപ്പുള്ള മറ്റു സംസ്ഥാന ഘടകങ്ങളെ ഒന്നിച്ചുനിർത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുന്നണിക്ക് അതൃപ്തി ഉണ്ടാക്കാത്ത വിധം നിലപാട് എടുക്കാനാണ് നേതാക്കളുടെ നീക്കം.
Read Also: ബിജെപിയെ പിന്തുണയ്ക്കില്ല, ജെഡിഎസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനും തയാര്‍: ജോസ് തെറ്റയില്‍
ബിജെപിയെ പിന്തുണയ്ക്കാനുള്ള ജെഡിഎസ് കേന്ദ്രനേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായി ജോസ് തെറ്റയിൽ രംഗത്തുവന്നിരുന്നു. ജെഡിഎസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ താൻ തയാറാണെന്ന് ജോസ് തെറ്റയിൽ ട്വന്റിഫോറിനോട് പറഞ്ഞു. പദവി അല്ല തനിക്ക് നിലപാട് ആണ് വലുത്. ജെഡിഎസ് കേരള ഘടകത്തിന് ഒറ്റ നിലപാടെ ഉള്ളൂ. ദേശീയ നേതൃത്വം ബിജെപിക്കൊപ്പം എങ്കിൽ ആ നിലപാടിനൊപ്പം നിൽക്കില്ല. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി പിന്തുണ എച്ച് ഡി ദേവഗൗഡ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്ന് ജോസ് തെറ്റയിൽ വിമർശിക്കുന്നു. ഈ തീരുമാനത്തിന് സംസ്ഥാന ഘടകങ്ങളുടെ അനുവാദമോ അവരുടെ അറിവോ പോലും നേടിയില്ല. സോഷ്യലിസ്റ്റ് മനസുള്ള ജനാധിപത്യ വിശ്വാസമുള്ള മറ്റ് കക്ഷികളുമായി ഏത് വിധത്തിൽ ചേരാൻ സാധിക്കുമെന്നും അതിന്റെ സാങ്കേതികത്വം എന്താണെന്നും തങ്ങൾ ആലോചിക്കുമെന്നും ജോസ് തെറ്റയിൽ അറിയിക്കുന്നു. എങ്കിലും ലയനം ഏത് പാർട്ടിയുമായി ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും അറിയിച്ചിരുന്നു. ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിച്ചു. ആശയപരമായി ഒരുമിക്കാവുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. പുതിയ പാർട്ടി രൂപീകരണം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: jds meeting today kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here