ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്

മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്. നവംബർ 6 ന് ഹാജരാകണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ൽ കോൺഗ്രസ് വിമത എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്ത കേസിലാണ് അന്വേഷണം. നിലവിൽ ഡെറാഡൂൺ ആസ്ഥാനമായുള്ള ജോളി ഗ്രാന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.(CBI summons ex-Uttarakhand CM Harish Rawat)
കേസുമായി ബന്ധപ്പെട്ട് ശബ്ദ സാമ്പിളുകൾ ശേഖരിക്കാനാണ് റാവത്തിനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ആശുപത്രിയിൽ കഴിയുന്ന തനിക്ക് നോട്ടീസ് അയച്ച സിബിഐയുടെ പ്രവൃത്തി അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ റാവത്ത് ചികിത്സയിൽ കഴിയുകയാണ്. ഒക്‌ടോബർ 25 ന് അദ്ദേഹത്തിൻ്റെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി റാവത്ത് സിബിഐയോട് സമയം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു. റാവത്തിനെ നേരത്തെയും സിബിഐ ചോദ്യം ചെയ്തിരുന്നു. 2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. റാവത്തിന്റെ വിശ്വസ്തനായ മദൻ സിംഗ് ബിഷ്ത് എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
സംസ്ഥാനം അന്ന് രാഷ്ട്രപതി ഭരണത്തിലായിരുന്നു. കേസിൽ മുൻ ക്യാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്ത്, സമാചാർ പ്ലസ് ന്യൂസ് ചാനൽ സിഇഒ ഉമേഷ് കുമാർ എന്നിവരെയും സിബിഐ പ്രതി ചേർത്തിരുന്നു.
Story Highlights: CBI summons ex-Uttarakhand CM Harish Rawat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here