പിണറായി സർക്കാർ മത തീവ്രവാദികൾക്ക് വളരാൻ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു; ജെ പി നദ്ദ

കളമശേരിയിലുണ്ടായ ബോംബ് സ്ഫോടനം അപലപനീയമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. പിണറായി സർക്കാർ മത തീവ്രവാദികൾക്ക് വളരാൻ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു. പിണറായി സർക്കാരിന് മത തീവ്രവാദികളോട് മൃദുസമീപനമാണുള്ളത്. അവരുമായി നിശബ്ദ ധാരണയുണ്ട്. ഹമാസ് നേതാവ് ഓൺലൈനായി റാലിയിൽ പങ്കെടുത്തിട്ട് പോലും സർക്കാർ നിശബ്ദത പാലിച്ചു. (jp nadda against pinarayi vijayan government)
കേരളത്തിന് നാണക്കേടുണ്ടാക്കി. ഇതിൽ സ്വതന്ത്ര അന്വേഷണം വേണം. അതിന് എന്ത് സഹായം നൽകാനും കേന്ദ്രം തയ്യാറാണെന്നും നദ്ദ വ്യക്തമാക്കി. ബിജെപി മുന്നണിയായ എൻഡിഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതി കാണിക്കുകയാണ്. മുഖ്യമന്ത്രി അതിനു കൂട്ട് നിൽക്കുന്നുവെന്നും നദ്ദ ആരോപിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മയക്കുമരുന്ന് ഉപയോഗം കൂടി. അഴിമതി ഇല്ലാതാക്കണമെങ്കിൽ എൻഡിഎ അധികാരത്തിൽ എത്തണം.എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും ചേർന്ന് അഴിമതി നടത്തുകയാണ്.
പത്താം സ്ഥാനത്തുനിന്ന് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ദാരിദ്ര്യം അനുഭവിക്കുന്ന ജനത ഒരു ശതമാനമായി കുറഞ്ഞു. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസുകൾ അനുവദിച്ചു. കൊച്ചി വാട്ടർ മെട്രോ വന്നു. റെയിൽവേ സ്റ്റേഷൻ നവീകരണത്തിനായി ഫണ്ട് നൽകി. കേരളത്തിലെ ജനങ്ങളെ നരേന്ദ്ര മോദി സ്നേഹിക്കുന്നുവന്നതിന്റെ തെളിവാണ് ഇതെല്ലാമെന്നും നദ്ദ വ്യക്തമാക്കി.
Story Highlights: jp nadda against pinarayi vijayan government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here